അടൂർ : സംസ്ഥാന ബഡ്ജറ്റിൽ ഇടംപിടിച്ച കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ നിർദ്ദിഷ്ട മേൽപ്പാലം യാഥാർത്ഥ്യമായാൽ എസ്ക്കലേറ്റർ സംവിധാനത്തോട് കൂടിയതാകും. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ചിറ്റയം ഗോപകുമാർ എം.എൽ.എ പ്രാഥമിക ചർച്ച നടത്തി.പടികളോട് കൂടിയ മേൽപ്പാലം നിർമ്മിച്ചാൽ ആരും ഉപയോഗിക്കാത്ത അവസ്ഥ ഉണ്ടാകുമെന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ സംസ്ഥാനത്തെ നിരത്തിൽ എസ്ക്കലേറ്റർ സംവിധാനമുള്ള ആദ്യ മേൽപ്പാലമാകും അടൂരിലേത്.കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കുക എന്നത് ദുരിതമാണ്. സിഗ്നൽ ലൈറ്റ് ഉള്ളതാണ് ഏക ആശ്രയം.ഇത് ശ്രദ്ധിക്കാതെ വാഹനമോടിക്കുന്നവരും കൂട്ടത്തിലുണ്ട്. ഇത്തരക്കാരാണ് ഒാർക്കാപ്പുറത്ത് അപകടം ക്ഷണിച്ചു വരുത്തുന്നത്. വൈദ്യുതി മുടങ്ങുന്ന അവസരങ്ങളിൽ ട്രാഫിക് പൊലീസ് നിരത്തിലിറങ്ങി ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തടഞ്ഞു നിറുത്തി വേണം യാത്രക്കാരെ റോഡ് മുറിച്ച് കടക്കുന്നതിന് സഹായിക്കാൻ.
വലിയ തോടിന് കുറുകെ നിലവിലുള്ള പാലത്തിന്റെ ഇരുവശങ്ങളിലായുള്ള പാലത്തിന്റെ നിർമ്മാണം നടന്നു വരികയാണ്. നിലവിലുള്ള പാലവും, തെക്കുഭാഗത്തെ പാലവും വൺവേ ആകുന്നതിനൊപ്പം വടക്കുഭാഗത്തെ പുതിയപാലം ബസ് ബേ ഉൾപ്പെടെ സംവിധാനമാകും. ഇതോടെ നഗരഹൃദയത്തിന്റെ മുഖച്ഛായ തന്നെ മാറുമെങ്കിലും റോഡ് മുറിച്ചു കടക്കൽ കൂടുതൽ ദുഷ്ക്കരമാകും. ഇതിന് പരിഹാരം മേൽപ്പാലം തന്നെയാകും.എത്രയും വേഗം ഇത് യാഥാർത്ഥ്യമാവുകയാണ് ഇനി ആവശ്യം.
പരമ്പരാഗത ശൈലി തുടരുന്നതിനോട് താൽപ്പര്യമില്ല. അത്യാധുനിക സംവിധാനത്തോട് കൂടിയ മേൽപ്പാലമാകും നിർമ്മിക്കേണ്ടത്. ഇതിന് മുൻതൂക്കം നൽകികൊണ്ടുള്ള നിർമ്മാണ രീതിയാകും അവലംബിക്കുക.ഇത് സംബന്ധിച്ച ആലോചനകൾ നടന്നുവരുന്നു.
ചിറ്റയം ഗോപകുമാർ
(എം. എൽ.എ)
പടിക്കെട്ടുകളോടുകൂടിയ മേൽപ്പാലം ഇന്നത്തെ സാഹചര്യത്തിൽ ആരും വിനിയോഗിക്കില്ല. പ്രത്യേകിച്ചും മദ്ധ്യവയസ്ക്കർ തുടങ്ങി മേൽപ്പോട്ടുള്ളവർ.അത്തരത്തിൽ ഒന്നാണ് നിർമ്മിക്കുന്നതെങ്കിൽ വെറും നോക്കുകുത്തിയാകും.കാലഘട്ടത്തിന്റെ മാറ്റത്തിന് അനുസൃതമായി നവീന രീതിയിലുള്ള മേൽപ്പാലമാണ് അഭികാമ്യം.
(രാജൻ അനശ്വര)