തിരുവല്ല: പൊരിവെയിലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു നഗരത്തെ ശ്വാസംമുട്ടിക്കുന്നു.കുരിശുകവലയിലെ ശങ്കരമംഗലം കെട്ടിടത്തിന് പിന്നിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കൂറിലേറെ മാലിന്യം കത്തിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിയമരാൻ വൈകിയതോടെ ചിലർ വെള്ളം ഒഴിച്ച് തീ ശമിപ്പിക്കുകയായിരുന്നു.അതുവരെ മാലിന്യപ്പുക നഗരത്തെയാകെ വീർപ്പുമുട്ടിച്ചു. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെ നഗരത്തിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപത്തും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചിരുന്നു.കറുത്തനിറത്തിലുള്ള പുക രാത്രിവരെ നഗരത്തിൽ ദുർഗന്ധം വമിപ്പിച്ചു.ടി.കെ റോഡിലും എം.സി റോഡിലുമൊക്കെ ചിലർ മാലിന്യം കത്തിക്കുന്നതും പതിവാണ്. ചില കച്ചവടക്കാരും ഫ്ലാറ്റുകളിൽ താമസിക്കുന്നവരും പുറത്തേക്ക് തള്ളുന്ന മാലിന്യമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. തിരുവല്ല പബ്ലിക് സ്റ്റേഡിയം,നഗരസഭാ മൈതാനം, ചെയർമാൻസ് റോഡ്,റെയിൽവേ സ്റ്റേഷൻ റോഡ്,കുരിശുകവല, മുത്തൂർ എന്നിവിടങ്ങളിൽ മിക്കപ്പോഴും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ഇവ കത്തിച്ചു തീർക്കാൻ ചില കച്ചവടക്കാർ രംഗത്തെത്തിയിരിക്കുന്നത്.പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നതിനെതിരെ നഗരസഭ മാസങ്ങൾക്ക് മുമ്പ് കർശന നടപടിയുമായി വന്നപ്പോഴും കത്തിക്കൽ വ്യാപകമായിരുന്നു.നഗരസഭയിൽ മാലിന്യശേഖരണം ഹരിത കർമസേന വഴിയാണ്. മാലിന്യം ശേഖരിക്കാൻ മാസത്തിൽ 2 ദിവസം 10 കേന്ദ്രങ്ങൾ ഉണ്ടായിരുന്നത് നിറുത്തലാക്കി.പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളി പിടിക്കപ്പെട്ടാൽ പൊലീസ് കേസെടുക്കുന്ന സ്ഥിതി ഉണ്ടായതും ചെലർക്ക് ഭീഷണിയായി.
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതും കത്തിക്കുന്നതും ശിക്ഷാർഹമാണ്. കേരള മുനിസിപ്പൽ ആക്ട്, ഐ.പി.സി സെക്‌ഷൻ 269, കൂടാതെ ഖരമാലിന്യ പരിപാലന ചട്ടങ്ങളിലെ ചട്ടം 4 (2), പരിസ്ഥിതി (സംരക്ഷണം) നിയമം 1986 വകുപ്പ് 15 പ്രകാരം 5 വർഷം വരെ തടവോ 1ലക്ഷംരൂപ വരെ പിഴയോ ശിക്ഷ ലഭിക്കാം.
സജികുമാർ
നഗരസഭാ സെക്രട്ടറി
മാരക രോഗങ്ങൾക്ക് കാരണം
പ്ലാസ്റ്റിക്, റെക്സിൻ, പി.വി.സി എന്നിവ കത്തിക്കുന്നത് കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകും.പി.വി.സിയിൽ ഫോർമാലിൻ, മീതയിൻ പോലുള്ള പലതരം വിഷാംശംങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ, ഇവ കത്തുമ്പോൾ പുക ഉയർന്ന് വീടുകളിലും മറ്റും എത്തുകയും ഇവ ശ്വസിച്ച് പല രോഗങ്ങളും ഉണ്ടാകുകയും ചെയ്യുന്നു.പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന പുക ശ്വസിച്ചാൽ ത്വക്ക് രോഗങ്ങളും വ്രണങ്ങളും ഉണ്ടാകാനുള്ള സാധ്യതയും ഉള്ളതായി ഡോക്ടർമാർ പറഞ്ഞു.
-എം.സി റോഡിൽ മാലിന്യം കത്തിക്കുന്നത് പതിവ്
-കച്ചവടക്കാരും ഫ്ലാറ്റുകളിൽ താമസിക്കുന്നവരും പുറത്തേക്ക് തള്ളുന്നത് കത്തിക്കുന്നു
-വിഷപ്പുക തുർച്ചയായി 2 മണിക്കൂറിലേറെ