പള്ളിക്കൽ : കൈയേറ്റം,മാലിന്യം എല്ലാം തിരികെയെത്തി.പള്ളിക്കലാർ വീണ്ടും മാലിന്യവാഹിനിയായി. നാടും നഗരവും ഇളക്കിമറിച്ച് പ്രചരണം നടത്തിയായിരുന്നു പള്ളിക്കലാറിന്റെ നവീകരണത്തിന്റെ തുടക്കം. ഇന്ന് നവീകരണം വെറും പ്രഹസനമായിരുന്നോ എന്ന ചോദ്യമുയരുമ്പോൾ നിശബ്ദതപാലിക്കുകയാണ് ജനപ്രതിനിധികളും പ്രാദേശിക ഭരണകൂടങ്ങളും.50 മീറ്റർ വരെ വീതിയുണ്ടായിരുന്ന പള്ളിക്കലാർ കൈയേറ്റക്കാരുടെ പിടിയിലമർന്നപ്പോൾ 20 മീറ്ററിലും താഴേക്ക് വരുകയും മാലിന്യം നിറഞ്ഞ് ആറ്റിലിറങ്ങാൻ വയ്യാതായതിനെതുടർന്ന് 2016ൽ തെങ്ങമം ഗവ.എൽ.പി.എസിലെ കുട്ടികൾ പള്ളിക്കലാർ സംരക്ഷിക്കണമെന്നാവിശ്യപെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.തുടർന്ന് 2017മേയ് 1ന് മന്ത്രി തോമസ് ഐസക് സർവകക്ഷിയോഗം വിളിച്ചാണ് പള്ളിക്കലാർ നവീകരണത്തിന് തീരുമാനമെടുത്തത്.തുടർന്ന് പള്ളിക്കൽ,കടമ്പനാട്,ഏറത്ത്,ഏഴംകുളം,പഞ്ചായത്തുകളുടെയും അടൂർ നഗരസഭയുടെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ആറ് നവീകരണം നടത്തി.നാല് ദിവസം നീണ്ടുനിന്ന ശുചീകരണയജ്ഞത്തിൽ 5000 കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു. നിരവധി തൊഴിലാളികൾ ചൊറിയും ചിരങ്ങും പിടിപെട്ടു.പിന്നീട് പുഴയുടെ കാര്യത്തിൽ പുതിയപ്രതീക്ഷകളായിരുന്നു നാട്ടുകാർക്ക്.
രണ്ടാംഘട്ടത്തിൽ പ്രഖ്യാപനം മാത്രം
വൃത്തിയാക്കിയ പള്ളിക്കലാർ കാണാൻ മന്ത്രി തോമസ് ഐസക് വീണ്ടും എത്തി.രണ്ടാം ഘട്ടമായി കൈയേറ്റം ഒഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.റവന്യുവകുപ്പിനെ അളന്ന് തിട്ടപെടുത്താനും കല്ലിടാൻ പഞ്ചായത്തുകളെയും ചുമതലപെടുത്തി.റവന്യു പ്രത്യേക ടീം അളന്ന് തിട്ടപെടുത്തിയിടത്ത് എല്ലായിടത്തും കല്ലിടീൽ കാര്യമായി നടന്നില്ല.തുടർന്ന് പഞ്ചായത്ത് പരാതി നൽകി.ആറിന്റെ തീരത്തെ കാട് അധികമുള്ളിടത്താണ് അളക്കാഞ്ഞതെന്നാണ് സർവേ ടീംമിന്റെ മറുപടി. സർവേ നടത്തിയ സ്കെച്ച് പഞ്ചായത്തുകൾക്ക് നൽകാൻ പറഞ്ഞപ്പോൾ റവന്യുവകുപ്പ് തയാറായില്ല.സ്കെച്ച് തയാറാക്കാതെയാണ് അളന്നെതെന്നായിരുന്നു റവന്യുവകുപ്പ് നൽകിയ മറുപടി.ഏന്നിരുന്നാലും കല്ലിട്ടതൊന്നും ഇപ്പോൾ കാണാനേയില്ല.കൈയേറ്റം പഴയപടിതന്നെ.തീരം കൈയേറിയത് അളന്ന് തിട്ടപെടുത്തി കൈയേറ്റക്കാർക്ക് നോട്ടീസ് നൽകാൻ പോലും അധികൃതർ തയാറായില്ല.
ബഡ്‌ജറ്റിലുണ്ട്, നടപടിയില്ല
കഴിഞ്ഞ ബഡ്ജറ്റിൽ ആറുകളുടെ നവീകരണത്തിനായി കോടികൾ വകയിരുത്തിയപ്പോൾ സംക്ഷിക്കപെടുന്നതിൽ പള്ളിക്കലാറുമുണ്ടായിരുന്നു.പക്ഷേ ഒന്നും നടന്നില്ല.
പുഴ സംരക്ഷിച്ചാൽ പ്രയോജനം
അടൂർ നഗരസഭയുടെയും ആറ് പഞ്ചായത്തുകളുടെയും കുടിവെള്ള സ്ത്രോതസും കൃഷിക്കുള്ള വെള്ളവും ഒക്കെയാകും പള്ളിക്കലാർ സംക്ഷിക്കപെട്ടാൽ.കൈയേറ്റം ഒഴിപ്പിക്കലിലേക്ക് കടന്നപ്പോൾ അധികൃതരുടെ കൈകൾ വിറക്കുന്നകാഴ്ചയാണ് പിന്നീട് കണ്ടത്.
-പള്ളിക്കലാറിന്റെ ഉദ്ഭവം ഏഴംകുളം പഞ്ചായത്തിലെ കളരിത്തറക്കുന്നിൽ
-44 കിലോമീറ്റർ ഒഴുകി കരുനാഗപള്ളി വട്ടകായലിൽ ചേരുന്നു
-6 നവീകരണം നടത്തി
-5000 കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു