കോന്നി : ശരാശരി 30- 32 ഡിഗ്രിയിലായിരുന്ന അന്തരീക്ഷ താപനില കഴിഞ്ഞ ദിവസങ്ങളിൽ 36- 37 ഡിഗ്രി സെൽഷ്യസിൽ വരെ എത്തി. അസഹ്യമായ ചൂടുകാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ജനം.മുൻ വർഷങ്ങളിലേതിനേക്കാൾ ചൂട് അനുദിനം കൂടുകയാണ്.ശക്തമായ ചൂടിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ ഏറെയാണ്.സൂര്യനിൽ നിന്നുള്ള അൾട്രാവയല​റ്റ് വയല​റ്റ് കിരണങ്ങൾ അപകടകരമാകും വിധത്തിലാണ് ഇപ്പോൾ ഭൂമിയിലേക്ക് പതിക്കുന്നത്.മനുഷ്യനിലെന്നപോലെ വളർത്തു മൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധിക്കാൻ ഏറെയുണ്ട്. സാധാരണഗതിയിൽ ശാരീരിക ഊഷ്മാവ് 37 ഡിഗ്രിയാണ്. അതിൽ നിന്ന് രണ്ടോ മൂന്നോ ഡിഗ്രി കൂടിയാൽതന്നെ അവയവങ്ങളുടെ പ്രവർത്തനത്തിൽ ഏറെ മാ​റ്റമുണ്ടാകും.മഞ്ഞപ്പിത്തം,ചിക്കൻപോക്സ്,കിഡ്ണി അനുബന്ധ രോഗങ്ങളും അനുദിനം കൂടുകയാണ്. രാവിലെ 11 മണിക്ക് ശേഷം പുറത്തിറങ്ങിയുള്ള ജോലികൾക്ക് മുൻകരുതലുകൾ വേണമെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. വേനൽക്കാലത്ത് കൂടുതൽ വിയർക്കുന്നതിനാൽ ശരീരത്തിൽ അത്യാവശ്യം വേണ്ട പല ധാതുലവണങ്ങളും നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കണം. ചൂടു സമയങ്ങളിൽ കുട ചൂടിയുള്ള ജോലി ഒഴിവാക്കണം. ജോലി സമയം രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയുമാക്കി പുന : ക്രമീകരിക്കണം. പഴവർഗങ്ങൾ പരമാവധി കഴിക്കണം. ദഹിക്കാൻ പ്രയാസമുളള ആഹാര പദാർത്ഥങ്ങളും കോളയും ഒഴിവാക്കണം. ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കണം. മോര് കുടിക്കുന്നതും നല്ലതാണ്. പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കണം. കന്നുകാലികളെ വെയിലത്ത് പുറത്ത് കെട്ടുകയും ചൂടത്ത് മേയാൻ വിടുകയും ചെയ്യരുത്. പശുക്കളെ രണ്ടു നേരം കുളിപ്പിക്കുന്നത് നല്ലതാണ്. വൈദ്യുതിയുടെ ഉപഭോഗം കൂടുന്നതും വേനൽകാലത്ത് തന്നെയാണെന്ന് വൈദ്യുതി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇക്കാര്യത്തിലും ചില നിയന്ത്രണങ്ങളും മുൻകരുതലുകളും വേണം. ഫ്രിഡ്ജിന്റെ ഉപയോഗം കൂടുന്നകാലമാണിത്. ഇടയ്ക്കിടെ ഫ്രിഡ്ജ് അനാവശ്യമായി തുറക്കാതിരിക്കുക. വൈദ്യുതി ഉപയോഗം കൂടുന്നതിന് ഇത് കാരണമാകും. ഫാൻ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കാനും തുടർന്ന് കൃത്യമായി ഓഫാക്കാനും ശ്രദ്ധിക്കണം. ജലത്തിന്റെ ഉപയോഗം കൂടന്നതുകൊണ്ട് തന്നെ മോട്ടർ പ്രവർത്തിപ്പിക്കുന്നതും കരുതലോടെ മാത്രമായിരിക്കണം.

ചൂട് 36- 37 ഡിഗ്രി സി

-ജോലി സമയം രാവിലെ 7 മുതൽ 11 വരെയും

വൈകിട്ട് നാല് മുതൽ ആറ് വരെയും