തിരുവല്ല: ജില്ലാ പരിധിയിൽ ഗതാഗത നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് ഇന്നു മുതൽ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും.സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഇന്റർസെപ്റ്റർ അടക്കമുള്ള അത്യാധുനിക പരിശോധനാ ഉപകരണങ്ങളുമായി ജില്ലയിലെ പരിശോധനകൾക്ക് എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെ തിരുവല്ലയിൽ തുടക്കം കുറിച്ചു. അമിതവേഗം കണക്കാക്കുന്ന സ്പീഡ് റഡാർ,സീറ്റ് ബെൽറ്റ്,മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒന്നര കിലോമീറ്ററിനുള്ളിൽ നിന്നുതന്നെ കണ്ടെത്താൻ സാധിക്കുന്ന 360 ഡിഗ്രിയിൽ ചലിക്കുന്ന കാമറ, മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള ആൽക്കോ മീറ്റർ, ഹെഡ് ലൈറ്റിന്റെ തീവ്രത അളക്കുന്ന ലക്സസ് മീറ്റർ, സൈലൻസറിന്റെയും ഹോണിന്റെയും തീവ്രത അളക്കാനുള്ള ഡെസിബൽ മീറ്റർ,ഗ്ലാസുകളിലെ കൂളിംഗ് പേപ്പറിന്റെ വിസിബിലിറ്റി പരിശോധിക്കുന്ന ട്വിന്റ് മീറ്റർ,മുമ്പ് മോട്ടോർ വാഹന നിയമം ലംഘിച്ചതിന്റെ പിഴ അടയ്ക്കാത്ത വാഹനങ്ങൾ തിരിച്ചറിയാനുള്ള സംവിധാനം എന്നിവയാണ് ഇന്റർസെപ്റ്റർ വാഹനത്തിൽ ഉണ്ടാവുക.
രാപ്പകൽ വ്യത്യാസമില്ലാതെ പരിശോധന
പത്തനംതിട്ട, അടൂർ, തിരുവല്ല എന്നീ മൂന്ന് മേഖലകളിലായി പത്ത് ദിവസം വീതം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനം രാപകൽ വ്യത്യാസമില്ലാതെ നിരത്തുകളിലുണ്ടാകും.എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ആർ.രമണന്റെ നേതൃത്വത്തിൽ ജില്ലയിലെ ആറ് എം.വി.ഐമാരും 15 എ.എം.വി.ഐമാരും ഉൾപ്പെടുന്ന സ്ക്വാഡിന്റെ നേതൃത്വത്തിലാകും പരിശോധനകൾ നടത്തുക.
-360 ഡിഗ്രിയിൽ ചലിക്കുന്ന കാമറ
-മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ആൽക്കോ മീറ്റർ
-ഹെഡ് ലൈറ്റിന്റെ തീവ്രത അളക്കാൻ ലക്സസ് മീറ്റർ
-ഗ്ലാസുകളിലെ കൂളിംഗ് പേപ്പറിന്റെ വിസിബിലിറ്റി പരിശോധിക്കുന്ന ട്വിന്റ് മീറ്റർ
.........................................................................................
അമിതവേഗം കണക്കാക്കുന്ന സ്പീഡ് റഡാർ,സീറ്റ് ബെൽറ്റ്,മൊബൈൽ ഫോൺ ഉപയോഗം എന്നിവ
ഒന്നര കിലോമീറ്ററിനുള്ളിൽ നിന്നുതന്നെ കണ്ടെത്തും