കോന്നി : കോന്നി -തണ്ണിത്തോട് റോഡിൽ ഓയിൽ ചോർന്നതിനെ തുടർന്ന് നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ എലിമുള്ളുംപ്ലാക്കലിനും ഞള്ളൂരിനും ഇടയിലെ വളവിലായിരുന്നു സംഭവം. റോഡിൽ മൂന്ന് ഇടങ്ങളിലായി ഓയിൽ വീണതിനെ തുടർന്ന് തണ്ണിത്തോട് സ്വദേശികളായ ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീഴുകയായിരുന്നു.പരിക്കേ​റ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോന്നിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി ഓയിൽ വീണ ഭാഗത്ത് അറക്കപ്പൊടി ഇട്ട് ഘർഷണം വരുത്തിയെങ്കിലും പിന്നീട് ഇതിന് മുകളിൽ ആരോ മണൽ വാരി വിതറിയതിനെ തുടർന്ന് വീണ്ടും അപകടങ്ങളുണ്ടായി. നേരത്തെയും ഇവിടെ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സംഭവം ആസൂത്രിതമാണോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.