പത്തനംതിട്ട: സാമൂഹ്യപ്രവർത്തക ഡോ. എം എസ് സുനിൽ നിർദ്ധനർക്ക് പണിതു നൽകുന്ന 162 -ാ മത്തെ വീട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് റാങ്ക് നേടിയ ശരണ്യക്കും കുടുംബത്തിനും.
മങ്കുഴി പാറക്കര ഐ. ആർ. ഡി. പി. കോളനി ശ്യം നിവാസിൽ അടച്ചുറപ്പില്ലാത്ത കുടിലിൽ താമസിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ വർഷം കേരള യൂണിവേഴ്‌സിറ്റിയുടെ എം. എസ്. സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശരണ്യയെ അനുമോദിക്കാൻ എത്തിയ ജില്ലാ പഞ്ചായത്ത് മെമ്പർ എലിസബത്ത് അബുവാണ് ശരണ്യയെക്കുറിച്ച് എം.എസ്.സുനിലിനെ അറിയിച്ചത്. ഇത് സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും വീടിന് സാമ്പത്തിക സഹായം നൽകിയ റിട്ട. എ. ഇ. ഒ. ബാബു നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എലിസബത്ത് അബു, ബ്ലോക്ക് മെമ്പർ എൻ. വിലാസിനി, ബ്ലോക്ക് മെമ്പർ രഘു പെരുമ്പുളിക്കൽ, പിണറായി ഐ. എച്ച്. ആർ. ഡി. പ്രിൻസിപ്പൽ ഡോ. സന്തോഷ് ബാബു, കെ. പി. ജയലാൽ, കെ. തങ്കപ്പൻ, ബോബൻ അലോഷിയസ്, ജോസഫ് കോര, മാത്തുക്കുട്ടി കോര എന്നിവർ പ്രസംഗിച്ചു.