പത്തനംതിട്ട : ചൂട് കൂടുന്നതോടെ തീ പിടിത്തവും വ്യാപകമാകുകയാണ്. ചെറിയ തീപ്പൊരിയിൽ നിന്ന് പോലും തീ പടർന്നുപിടിക്കാൻ സാദ്ധ്യതയുണ്ട്. നഗരത്തിലെ കെട്ടിടങ്ങൾ തമ്മിൽ വലിയ അകലമില്ലാത്തതിനാൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായാലും വലിയ അപകടം സംഭവിക്കും.
ഹോട്ടലുകളിലെ അടുക്കളയിൽ കെട്ടുകണക്കിന് വിറകാണ് ശേഖരിച്ചു വച്ചിരിക്കുന്നത്. അതിനടുത്തായി ഗ്യാസ് സിലിണ്ടറുകളും ഉണ്ടാകും. അതിഭയങ്കരമായ ചൂടിൽ സിലിണ്ടറുകൾ പൊട്ടിത്തെറിയ്ക്കാൻ സാദ്ധ്യതകൾ കൂടുതലാണ്. വെയിലിനും ചൂട് കൂടുതലാണ്. ഒരു അപകടം ഉണ്ടായാൽ നേരിടാൻ തന്നെ പ്രയാസമേറെ. ഒരു പക്ഷെ നഗരം മുഴുവൻ അപകടത്തിലാവാൻ സാദ്ധ്യതയുണ്ട്. നഗരത്തിൽ പലയിടത്തും തുണിക്കടകളും ഹോട്ടലുകളും അടുത്തടുത്തായുണ്ട്. വലിയ അപകടം സംഭവിച്ചാൽ നേരിടാൻ തക്ക സൗകര്യങ്ങൾ ജില്ലയിലില്ല. അടുക്കളയിൽ മണ്ണെണ്ണയും കത്താൻ സാദ്ധ്യതയുള്ള വസ്തുക്കളും സൂക്ഷിക്കുന്നത് പരമാവധി ഒഴിവാക്കണം.
തീ പടരാതിരിക്കാനുള്ള നിർദേശങ്ങൾ
കത്തിച്ചിട്ട് വലിച്ചെറിയുന്ന പടക്കങ്ങൾ, ബീഡി, സിഗരറ്റ് കുറ്റികൾ എന്നിവ അണഞ്ഞു എന്ന് ഉറപ്പുവരുത്തണം. ചപ്പുചവറുകൾ കത്തിക്കുന്നതും ശ്രദ്ധയോട് വേണം.
തീ കത്തിയ്ക്കുമ്പോൾ കുറച്ചു വെള്ളം അടുത്ത് സൂക്ഷിക്കണം.
തോട്ടം , വനം മേഖലകളിൽ ഫയർ ലൈനുകൾ ഇടുന്നത് അപകടം കുറയ്ക്കാൻ സാധിക്കും.
സ്വകാര്യ ജല സ്രോതസുകൾ സംരക്ഷിക്കണം
നഗരത്തിൽ ഹൈഡ്രന്റുകൾ സ്ഥാപിക്കണം
ചൂട് കൂടിയസമയം തീ കത്തിക്കുന്നത് ഒഴിവാക്കണം
ടോൾ ഫ്രീ നമ്പർ 101
" തീ കത്തിപടരാൻ സാദ്ധ്യതയുള്ള ചൂടാണ് വരുന്നത്. വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. തീയണയ്ക്കാൻ ഫയർഫോഴ്സ് എത്തുമ്പോൾ മിക്കവരും കാഴ്ചക്കാരായി നിൽക്കുകയാണ് പതിവ്. തീകത്തിയ്ക്കുമ്പോൾ വെള്ളവും കരുതണം. ചെറിയ തീ കാണുമ്പോൾ തന്നെ കെടുത്തണം. അടിക്കാടുകൾക്ക് തീ പിടിക്കുമ്പോൾ കൂടുതൽസ്ഥലത്തേക്ക് പടരാതിരിക്കാൻ ശ്രദ്ധിക്കണം. "
വിനോദ് കുമാർ
ജില്ലാ ഫയർ ഫോഴ്സ് ഓഫീസർ