വളളിക്കോട്: ഇന്ത്യ സ്വന്തമായി നിർമ്മിച്ച റാേക്കറ്റുകളുടെയും മിസൈലുകളുടെയും രൂപങ്ങൾ സ്കൂൾ കുട്ടികൾക്ക് വിസ്മയക്കാഴ്ചയായി. ചന്ദ്രയാൻ ദൗത്യത്തിന്റെ വിവരങ്ങൾ അവർക്ക് കൗതുക പാഠങ്ങളായി. വിക്രംസാരാഭായിയുടെ നൂറാമത് ജൻമദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താൻ എെ.എസ്.ആർ.ഒയുടെ സഞ്ചരിക്കുന്ന പ്രദർശനമേള വളളിക്കോട് പി.ഡി.യു.പി സ്കൂളിൽ ഇന്നലെ എത്തിയപ്പോൾ ആവേശത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്. മായാലിൽ എൽ.പി സ്കൂൾ, ചന്ദനപ്പളളി എൽ.പി. സ്കൾ, അങ്ങാടിക്കൽ ദേവസ്വം ബോർഡ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുളള കുട്ടികളും പ്രദർശനം കാണാനെത്തി.
എെ.എസ്.ആർ.ഒയുടെ നേട്ടങ്ങൾ, ഉപഗ്രഹങ്ങളുടെ മോഡലുകൾ, പ്രയോജനങ്ങൾ എന്നിവയെപ്പറ്റി സ്കൂളിൽ നിന്ന് തിരഞ്ഞെടുത്ത തീർത്ഥ, അഭിനന്ദ്, ബേബി കൃഷ്ണ, പ്രയി ഉദയൻ, ആവണി, അപർണ എന്നീ കുട്ടികൾക്ക് െഎ.എസ്. ആർ.ഒ ശാസ്ത്രജ്ഞൻ മിഥുൻ കൃഷ്ണ വിവരിച്ചു കൊടുത്തു. ഇവർ മറ്റു കുട്ടികളിലേക്ക് അറിവ് പകർന്നു.
സ്കൂൾ മാനേജർ പി.എൻ. ശ്രീദത്ത്, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ സുഭാഷ്, എം.ഡി.ഗോപാലകൃഷ്ണൻ, കെ.കെ വിനോദ്, ഹെഡ്മിസ്ട്രസ് സിന്ധു, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. രാവിലെ എട്ടിന് സ്കൂളിലെത്തിയ പ്രദർശന വാഹനം വൈകിട്ട് നാല് മണിക്കാണ് മടങ്ങിയത്.