കടമ്പനാട് :കൊടുംവേനലിൽ ഏറെ പ്രതിസന്ധിയിലായത് ഏത്തവാഴ കർഷകർ. വെള്ളമില്ലാത്തതിനാൽ ഏത്തവാഴകൾ കൂട്ടത്തോടെ ഒടിഞ്ഞുവീഴുകയാണ്. കുലകൾക്ക് വിലയും കുറവാണ്. വി എഫ് സി കെ വിപണിയിൽ 25 രൂപയാണ് കിലോയ്ക്ക് ശരാശരി കർഷകന് ലഭിക്കുന്നത്. 45 മതൽ 50 രൂപയെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ നഷ്ടമില്ലാതെ പിടിച്ചു നിൽക്കാൻ കഴിയു.

വയനാട്ടിൽ നിന്നുള്ള ഏത്തവാഴക്കുലകൾ 25 രൂപക്ക് ലഭിച്ചുതുടങ്ങിയതോടെയാണ് നാടൻ കുലകൾക്ക് പ്രിയം കുറഞ്ഞത്. കർഷകരെ സഹായിക്കാൻ യാതൊരുനടപടിയും സർക്കാരിന്റെയോ കൃഷിവകുപ്പിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പള്ളിക്കൽ പഞ്ചായത്തിൽ ചെറുകുന്നം വാർഡിൽ അഞ്ഞൂറിലധികം ഏത്തവാഴകളാണ് ഉണ്ണികൃഷ്ണൻനായർ കൃഷി ചെയ്തത്. പകുതിയിലധികം വാഴകളും കുലച്ച് ഒരുമാസം പ്രായമായപ്പോഴേക്കും ചൂടിൽ ഒടിഞ്ഞുവീണു. വി എഫ് സി കെ യുടെ "സ്പെഷ്യൽ അഗ്രികൾച്ചറൽ സോർ ഫോർ ബനാന" പദ്ധതി പ്രകാരമാണ് കൃഷിയിറക്കിയത്. ട്രിപ്പ് ഇറിഗേഷൻ പദ്ധതിയും നടപ്പിലാക്കി. ട്രിപ്പ് ഇറിഗേഷൻ പദ്ധതിക്കായി ചെലവാക്കിയ തുക വി എഫ് സി കെ നൽകുമെന്ന് പറഞ്ഞിട്ടും നൽകിയില്ലെന്നും ഉണ്ണികൃഷ്ണൻനായർ പറയുന്നു.

--------------------

കർഷകർ പ്രതിസന്ധിയിൽ

വിലയും കുറവ്

വി എഫ് സി കെ വിപണിയിൽ 25 രൂപ വരെ മാത്രം

-----------------------

ഹോർട്ടികോർപ്പിന്റെ മൊത്തവിതരണകേന്ദ്രം വഴി കിലോയ്ക്ക് 35 - 45 രൂപയ്ക്ക് നാടൻ ഏത്തക്കുലകൾ കർഷകരിൽ നിന്ന് സംഭരിക്കുന്നുണ്ട് മൂവായിരം രൂപയിൽകൂടുതലുള്ള തുക ഹോർട്ടികോർപ്പിന്റെ ഹെഡ് ഒാഫീസ് വഴിയാണ് കർഷകരുടെ അക്കൗണ്ടിലെത്തുന്നത്. ഇതിന് താമസമുണ്ടാകും. അതിനാൽ ഹോർട്ടികർപ്പിലേക്ക് കർഷകർ എത്തുന്നില്ല.

സജിനി

മാനേജർ , ഹോർട്ടികോർപ്പ് ജില്ലാ മൊത്തവിതരണകേന്ദ്രം.