kanal

തിരുവല്ല: കനത്തചൂടിൽ അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങൾ വറ്റിവരളുന്നു. പെരിങ്ങര പഞ്ചായത്ത് ആറാം വാർഡിൽ വേങ്ങൽ ആലംതുരുത്തിയിൽ 150 ഏക്കറോളം വരുന്ന പെരുംതുരുത്തി തെക്ക്, കൈപ്പുഴ കിഴക്ക് പാടശേഖരങ്ങളിലെ കർഷകരാണ് കൃഷിക്കാവശ്യമായ ജലം ലഭിക്കാത്തതിനാൽ ദുരിതത്തിലായത്. വെള്ളം ഇല്ലാതെ പാടശേഖരത്തിലെ അറുപത് ദിവസം പ്രായമെത്തിയ നെൽച്ചെടികൾ ഉണങ്ങിത്തുടങ്ങി. അപ്പർകുട്ടനാടൻ പ്രദേശങ്ങളിലെ മറ്റ് പല പാടശേഖരങ്ങളിലേക്കും ജലമെത്തിക്കേണ്ട തോടുകളിലും വാച്ചാലുകളിലും വർഷംതോറും ആഴംകൂട്ടൽ അടക്കമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുമ്പോഴും മാർക്കറ്റ് കനാലിനെ മൈനർ ഇറിഗേഷൻ വകുപ്പും ജനപ്രതിനിധികളും ഒരുപോലെ അവഗണിക്കുകയാണെന്നാണ് പാടശേഖര സമിതിയുടെ പരാതി. കതിർ കൊയ്യാൻ കാത്തിരുന്ന നെൽപ്പാടം ജലദൗർലഭ്യം മൂലം കണ്ണീർ പാടമാകുമെന്ന ആശങ്കയിലാണ് കർഷകർ.

മാർക്കറ്റ് കനാൽ കാടുകയറി
പാടശേഖരങ്ങളിലേക്ക് ജലം എത്തിയിരുന്ന ചന്തത്തോടിന്റെ ഭാഗമായ മാർക്കറ്റ് കനാൽ, മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി കാടുകയറി നീരൊഴുക്ക് നിലച്ചതാണ് കൃഷിക്ക് തിരിച്ചടിയായത്. പതിറ്റാണ്ടുകൾക്ക് മുമ്പ് തിരുവല്ല ചന്തക്കടവിൽ നിന്ന് ആലപ്പുഴയിലേക്ക് സാധന സാമഗ്രികൾ എത്തിച്ചിരുന്ന തോടാണിത്. ഇരുപത് വർഷം മുമ്പു വരെ വളളവും ചെറുബോട്ടുകളും ഈ തോട്ടിലൂടെ കടന്നുപോയിരുന്നു. എന്നാൽ സംരക്ഷണവും പുനരുജ്ജീവന പദ്ധതികളും ഇല്ലാതായതോടെ തോടിന്റെ ശനിദശ തുടങ്ങി. 2018ലെ മഹാപ്രളയത്തെ തുടർന്ന് മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടിയതോടെയാണ് തോട്ടിലെ നീരൊഴുക്ക് പൂർണ്ണമായും നിലച്ചത്. നീരൊഴുക്ക് നിലച്ചത് കഴിഞ്ഞ രണ്ട് വർഷമായി കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഉറവാരത്തിൽ പടി പാലം വരെയുള്ള ഭാഗം നിലവിൽ വെള്ളമെത്തുന്നുണ്ട്. ഉറവാരത്തിൽ പടി മുതൽ ഇടിഞ്ഞില്ലം പാലം വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗമാണ് നീരൊഴുക്ക് പൂർണ്ണമായും നിലച്ച് വരണ്ടുറങ്ങി കിടക്കുന്നത്. തൊഴിലാളികളെ ഉപയോഗിച്ച് നീരൊഴുക്കുള്ള ഭാഗം മുതൽ മോട്ടോർ തറയിലേക്ക് ചാൽ നിർമിച്ച് വെള്ളം എത്തിക്കാനുള്ള ശ്രമം പാടശേഖര സമിതി ഭാരവാഹികൾ ചേർന്ന് നടത്തുന്നുണ്ട്. എന്നാൽ ഇതും ഫലപ്രദമാകുന്നില്ല.

നടപടി വേണം
പാടശേഖരത്തിലേക്ക് ജലമെത്തിക്കുന്നതിനുള്ള അടിയന്തര നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കിൽ കൃഷി നശിച്ച് കടംകയറി കർഷകർ നട്ടംതിരിയും.

അലക്സ് മന്നത്ത്, കുര്യൻ മാത്യു
പാടശേഖരസമിതി ഭാരവാഹികൾ