പത്തനംതിട്ട: കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ഇന്ന് മുതൽ 16 വരെ പന്തളത്ത് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി കൊടി,കൊടിമര, ദീപശിഖാ ജാഥകൾ ഇന്ന് വിവിധയിടങ്ങളിലുള്ള രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്ന് ആരംഭിച്ച് വൈകിട്ട് പന്തളത്തെ സമ്മേളന നഗറിലെത്തും. പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക നിരണം കുഞ്ഞന്റെ സ്മൃതിമണ്ഡപത്തിൽ നിന്നും പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക കവിയൂരിലെ കോട്ടൂർ കുഞ്ഞുകുഞ്ഞിന്റെ സ്മൃതിമണ്ഡപത്തിൽ നിന്നും എത്തിക്കും.

പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള കൊടിമരം പൂങ്കാവിലെ വി.ആർ.ശിവരാജന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് പി.ജെ അജയകുമാർ ജാഥ ക്യാപ്ടൻ പി.രാധാകൃഷ്ണന് കൈമാറും. കെ.പി ചന്ദ്രശേഖരക്കുറുപ്പ് ഏറ്റുവാങ്ങും. പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള കൊടിമരം കിടങ്ങന്നൂരിലെ എം.എം.സുകുമാരന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് എ.പത്മകുമാർ ക്യാപ്ടൻ സത്യവ്രതന് കൈമാറും. പി.കെ.കുമാരൻ ഏറ്റുവാങ്ങും. ദീപശിഖ പന്തളം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ടി.ഡി ബൈജു ക്യാപ്ടൻ രാധാ രാമചന്ദ്രന് കൈാമറും. എം.ടി.കുട്ടപ്പൻ ഏറ്റുവാങ്ങും. നാളെ രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.

15ന് പൊതുചർച്ചയും മറുപടിയും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. 16ന് വൈകിട്ട് നാലിന് മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്ന് പ്രകടനം ആരംഭിക്കും. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊതുസമ്മേളനം സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കെ.പി.ഉദയഭാനു, കെ.അനന്തഗോപൻ, ആർ.സനൽകുമാർ, ആർ. ഉണ്ണികൃഷ്ണപിളള, എം.എൽ.എമാരായ വീണാ ജോർജ്, കെ.യു. ജനീഷ് കുമാർ എന്നിവർ സംസാരിക്കും.

പത്രസമ്മേളനത്തിൽ കെ.എസ്.കെ.ടിയു ജില്ലാ പ്രസിഡന്റ് പി.എസ് കൃഷ്ണകുമാർ, സെക്രട്ടറി സി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.