പത്തനംതിട്ട : പത്താമത് റാന്നി അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 9.30ന് ഇന്ത്യൻ സിനിമ മാന്റോ പ്രദർശിപ്പിക്കും. നന്ദിതാദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ആധുനിക സാമൂഹികാവസ്ഥകളിൽ വ്യക്തി ജീവിതവും സാഹിത്യ ജീവിതവും രാഷ്ട്രീയ ജീവിതവും തമ്മിലുണ്ടാവുന്ന സംഘർഷത്തെ ആവിഷ്കരിച്ചിരിക്കുന്നു.11.45ന് ഈജിപ്തിൽ നടന്ന മുല്ലപ്പൂ വിപ്ലവം പ്രമേയമാക്കിയ ചലച്ചിത്രം ക്ലാഷ് പ്രദർശിപ്പിക്കും.മൊഹമ്മദ് ദിയാബ് ആണ് സംവിധായകൻ. ഉച്ചയ്ക്ക് 2ന് സ്പാനിഷ് ചലച്ചിത്ര സംവിധായകനായ സാൽവദോർ മല്ലോയുടെ കഥ പറയുന്ന പെൽദോ അൽമോഡൊവാറിന്റെ പെയിൻ ആൻഡ് ഗ്ലോറി പ്രദർശിപ്പിക്കും.2019ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ സിനിമയാണിത്. വൈകിട്ട് 6.30ന് വി.സി അഭിലാഷിന്റെ മലയാള സിനിമ പ്രദർശിപ്പിക്കും.ഓട്ടൻതുള്ളലിനൊപ്പം ജീവിച്ച പപ്പുപിഷാരടി എന്ന വൃദ്ധൻ അവശതകൾക്കിടയിൽ മകനെ അന്വേഷിച്ചിറങ്ങുന്ന കഥയാണ് ആളൊരുക്കം എന്ന ചിത്രം പറയുന്നത്.രാത്രി 9ന് ജീൻ പിയറി,ലുക് ഡാർഡെനീ എന്നിവർ സംവിധാനം ചെയ്ത യംഗ് ആംഡ് എന്ന ചിത്രം പ്രദർശിപ്പിക്കും. മതബോധം തീവ്രവാദമായി വളരുന്ന വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്ന ചിത്രമാണ് യംഗ് ആംഡ്.ഈ ചിത്രത്തോട് കൂടി മേള സമാപിക്കും. ഉപാസന തിയറ്ററിലാണ് മേള സംഘടിപ്പിച്ചത്.