പത്തനംതിട്ട: ജില്ലാ പൊലീസ് ചീഫായി കെ.ജി.സൈമൺ ചുമതലയേറ്റു. കോട്ടയത്തേക്ക് മാറുന്ന ജി.ജയദേവിന് പകരക്കാരനായാണ് സൈമൺ പത്തനംതിട്ടയിൽ പൊലീസ് ചീഫായത്.

ജില്ലയിൽ ആദ്യമായാണ് സൈമൺ ക്രമസമാധന രംഗത്ത് സേവനമനുഷ്ഠിക്കുന്നത്. അടൂർ കെ.െഎ.പി ക്യാമ്പിൽ കമാണ്ടന്റായി പ്രവർത്തിച്ചിരുന്നു. ഇക്കാലത്ത് റാന്നി കൊല്ലമുള സ്വദേശിനിയും കോളേജ് വിദ്യാർത്ഥിനിയുമായ ജസ്നയെ കാണാതായെന്ന കേസിൽ പൊലീസിന്റെ അന്വേഷണ സംഘത്തിന് കെ.ജി.സൈമൺ ഉപദേശങ്ങൾ നൽകിയിരുന്നു. 59കാരനായ അദ്ദേഹം ഇൗ വർഷം അവസാനം സർവീസിൽ നിന്ന് വിരമിക്കും. തൊടുപുഴ സ്വദേശിയാണ്.

>> അന്വേഷണ വിദഗ്ദ്ധൻ

കോഴിക്കോട് റൂറൽ പൊലീസ് ചീഫ് ആയിരിക്കെ കൂടത്തായി കൊലപാതകങ്ങളുടെ ചുരുളഴിച്ച് അന്വേഷണ മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. അബ്കാരി കരാറുകാരൻ മിഥില മോഹനൻ 2005ൽ കൊച്ചിയിലെ വീട്ടിനുളളിൽ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ എട്ട് വർഷത്തിന് ശേഷം പ്രതിയെ പിടിച്ചത് കെ.ജി.സൈമന്റെ നേതൃത്വത്തിലുളള ക്രൈംബ്രാഞ്ച് അന്വേഷണ സംഘമായിരുന്നു. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകൾ അന്വേഷിച്ച് പ്രതികളെ കണ്ടെത്തുന്നതിൽ അദ്ദേഹത്തിനുളള പ്രത്യേക വൈദഗ്ദ്ധ്യം പൊലീസ് സേനയ്ക്ക് മുതൽക്കൂട്ടായിട്ടുണ്ട്.

> ജില്ലയിലെ തെളിയിക്കപ്പെടാത്ത കേസ്

ജില്ലയിൽ സമീപ കാലത്തുണ്ടായ കൊലപാതകങ്ങളിൽ തെളിയിക്കപ്പെടാത്തത് 2017 ഡിസംബർ 31ന് അർധരാത്രിയിൽ നടന്ന 65കാരന്റെ കൊലപാതകമാണ്. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് പിന്നിൽ കല്ലുകൊണ്ട് ഇടിച്ചു കൊന്ന നിലയിൽ മലയാലപ്പുഴ സ്വദേശി പൊടിയനെ കണ്ടെത്തിയിരുന്നു. വീടുപേക്ഷിച്ച് നഗരത്തിൽ അലഞ്ഞ് നടന്നയാളായിരുന്നു പൊടിയൻ. കേസിൽ അന്വേഷണം പലവഴിക്ക് നടന്നെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ രേഖാചിത്രം തയ്യാറാക്കിയിരുന്നു.

>>

കെ.ജി.സൈമൺ കേരളകൗമുദിയോട്:

പത്തനംതിട്ട ജില്ലയെ ഏറെ ഇഷ്ടപ്പെടുന്നു. ക്രമസമാധാന പാലനത്തിൽ മികവുളള ജില്ലയാണ്. പരിഷ്കാരങ്ങൾ വേണാേയെന്ന് ആലോചിക്കും. പൊലീസിന്റെ പൊതുസ്ഥിതി വിലയിരുത്തും. തെളിയിക്കപ്പെടാത്ത കേസുകൾ പരിശോധിക്കും. ജെസ്ന കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ കയ്യിലാണ്. ആവശ്യമെങ്കിൽ സഹായം നൽകും.