ഏറത്ത് : ഏറത്ത് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ കിളിവയലിലെ കോളനി നിവാസികളുടെ വർഷങ്ങൾ നീണ്ട കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. കോളനിയിലെ 23 കുടുംബങ്ങൾക്ക് കുടിവെള്ള വിതരണ ടാപ്പ് വഴി ശുദ്ധജലം വീട്ടിലെത്തിക്കുന്ന പദ്ധതിയുടെ നിർമാണം പൂർത്തിയായി. ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ എസ്.സി ഫണ്ടിൽനിന്നും 8,47,000 രൂപ ചെലവഴിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. വൈദ്യുതി കണക്ഷൻ ലഭിച്ചാലുടൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നടത്താനാണ് ഗ്രാമപഞ്ചായത്തിന്റെ തീരുമാനമെന്ന് ഏറത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. ഷൈലേന്ദ്രനാഥ് പറഞ്ഞു. കിളിവയലിലെ പഞ്ചായത്ത് കിണറിന്റെ ആഴം കൂട്ടി പദ്ധതിക്കായി ജല ലഭ്യത ഉറപ്പാക്കി. ഉയർന്ന പ്രദേശമായ ഇവിടെ 15 മീറ്റർ ഉയരത്തിൽ 10,000 ലിറ്ററിന്റെ ടാങ്ക് നിർമിച്ചു. ജലവിതരണത്തിനായി മൂന്ന് എച്ച്.പിയുടെ മോട്ടോർ സ്ഥാപിച്ചു. ടാങ്കിൽ നിന്ന് കിളിവയൽ കോളനിയിലെ 23 വീടുകളിലേയ്ക്കും കുടിവെള്ള വിതരണ ടാപ്പുകൾ സ്ഥാപിച്ചു. ടാപ്പുകളിൽ 24 മണിക്കൂറും ജലം ലഭ്യമാകുന്ന രീതിയിലാണ് നിർമാണം നടത്തിയിട്ടുള്ളത്.