പത്തനംതിട്ട: ഇന്നലെ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ 11പരാതികൾ തീർപ്പാക്കി. ആകെ 39 പരാതികളാണ് പരിഗണനയ്‌ക്കെത്തിയത്. മൂന്നു പരാതികൾ റിപ്പോർട്ടിനയച്ചു. അടുത്ത അദാലത്തിൽ 25 പരാതികൾ വീണ്ടും പരിഗണിക്കും. വനിതാ ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ നിർഭയമായി ജോലി ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ പറഞ്ഞു. കമ്മിഷൻ അംഗം ഇ.എം.രാധയും അദാലത്തിൽ പങ്കെടുത്തു.
> വനിതാ ഉദ്യോഗസ്ഥയെ അപമാനിക്കുന്നു
തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ വിജിലൻസ് വിഭാഗം കൈകാര്യം ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥ ഡ്യൂട്ടി നിർവഹണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെതിരെ റിപ്പോർട്ട് തയാറാക്കുകയും തുടർന്ന് ശിക്ഷാ നടപടികൾക്ക് വിധേയനാകുകയും ചെയ്തതിന്റെ പേരിൽ സുഹൃത്തുക്കൾ മുഖേന ഉദ്യോഗസ്ഥയ്‌ക്കെതിരെ നിരന്തരം വിവരാവകാശം ചോദിക്കുകയും വ്യക്തിപരമായി അപമാനിക്കുകയും ചെയ്യുന്നതായുളള പരാതി കമ്മിഷൻ പരിഗണിച്ചു. പരാതിയുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർ അടിയന്തരമായി ഹാജരാക്കുന്നതിന് കമ്മിഷൻ ഉത്തരവിട്ടു. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഡോ. ഷാഹിദാ കമാൽ പറഞ്ഞു.
> വീട്ടമ്മമാർ കബളിപ്പിക്കപ്പെടുന്നു
കോന്നി സ്വദേശിനിയായ വിധവ ആകെയുണ്ടായിരുന്ന നാലു സെന്റ് വസ്തുവിന്റെ പ്രമാണം ഗ്രാമീൺ ബാങ്കിൽ പണയപ്പെടുത്തുന്നതിന് ഒരു പരിചയക്കാരന് നൽകുകയും തുടർന്ന് റവന്യൂ റിക്കവറിയുടെ അറിയിപ്പ് ലഭിച്ചപ്പോൾ പരാതിയുമായി കമ്മിഷനെ സമീപിക്കുകയുമുണ്ടായി. ഈ പരാതിയിന്മേൽ അദാലത്തിൽ ഹാജരാകാതിരുന്ന എതിർ കക്ഷിയെ കമ്മിഷൻ നേരിട്ട് വിളിച്ച് അടുത്ത അദാലത്തിൽ ഹാജരാകുന്നതിന് കർശന നിർദേശം നൽകി. ഇത്തരം പരാതികളുമായി എത്തുന്ന സ്ത്രീകൾ പ്രമാണം ഉപയോഗിച്ച് വായ്പ എടുക്കുന്നതിന് രേഖാ മൂലമുളള എല്ലാ നടപടികളും ചെയ്ത ശേഷമാണ് പരാതിയുമായി നിയമസംവിധാനത്തെ സമീപിക്കുന്നതെന്നും ഇത്തരം കാര്യങ്ങളിൽ സ്ത്രീകൾക്ക് ബോധവൽക്കരണത്തിന്റെ ആവശ്യമുണ്ടെന്നും ഡോ. ഷാഹിദാ കമാൽ പറഞ്ഞു.
> ഭാര്യയ്ക്ക് രഹസ്യ മൊബൈലെന്ന പേരിൽ മർദ്ദനം
രഹസ്യ മൊബൈൽ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് മദ്യപാനിയായ നൂറനാട് സ്വദേശിയായ ഭർത്താവിന്റെ നിരന്തര വഴക്കുമൂലം വീട്ടിൽ നിന്ന് അകന്നു കഴിയുന്ന തട്ട സ്വദേശിനിയായ യുവതിയും അദാലത്തിൽ എത്തിയിരുന്നു. വീട്ടുകാർ അറിയാതെ വിവാഹിതയായ ഈ യുവതി ഭർത്താവിനും രണ്ട് പെൺമക്കൾക്കുമൊപ്പം കഴിയുകയായിരുന്നു. പെൺകുട്ടികളുടെ ഭാവിയെ കരുതി ഇരുവരെയും കൗൺസിലിംഗ് നടത്തി മദ്യപാനിയായ ഭർത്താവിനെ ഡിഅഡിക്ഷന് വിധേയനാക്കി പ്രശ്‌നം പരിഹരിക്കാൻ കമ്മിഷൻ അംഗം ഇ.എം.രാധ നിർദേശിച്ചു.
വനിതാ കമ്മിഷൻ ഇൻസ്‌പെക്ടർ എം.സുരേഷ് കുമാർ, വനിതാ എസ്.ഐ. സാലി ജോൺ, ലീഗൽ പാനൽ ഉദ്യോഗസ്ഥരായ അഡ്വ. സിനി, അഡ്വ. സബീന, കൗൺസിലർ ഒബിനി തുടങ്ങിയവർ പങ്കെടുത്തു.