മല്ലപ്പള്ളി: തിരുവല്ല റോഡിൽ മൂശാരിക്കവല ശാരോൻ ഫെലോഷിപ്പ് ചർച്ചിനോട് ചേർന്ന് പാസ്റ്റർ താമസിക്കുന്ന ഇരുനിലകെട്ടിടത്തിൽ മോഷണം നടന്നു. ചൊവ്വാഴ്ച വൈകിട്ട് സ്ഥലത്ത് ആളില്ലാത്തപ്പഴാണ് കളവ് നടന്നത്. പ്രധാന വാതിലിലെ ഗ്രില്ല് തകർത്ത് രണ്ടാം നിലയിലെത്തി വാതിൽ കുത്തിതുറന്നാണ് മോഷണം നടത്തിയത്. ഒരു വർഷം മുമ്പ് ഇവിടെ ചാർജ്ജെടുത്ത പാസ്റ്റർ കുര്യാക്കോസിന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽഫോൺ, സി.പി.യു., ടാബ്, ഹാർഡ് ഡിസ്‌കുകൾ എന്നിവയാണ് അപഹരിച്ചത്. മേശവിരിപ്പിലുണ്ടായിരുന്ന പണവും മറ്റു സാധനങ്ങളും കവർന്നിട്ടില്ല. മല്ലപ്പള്ളി സി.ഐ സി.ടി. സജ്ഞയ്, എസ്.ഐ ബി.ആദർശ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.