അടൂർ : ആവശ്യപ്പെട്ട പണം കിട്ടാതെ വന്നപ്പോൾ എം. ടി. എം മെഷീന്റെ സ്ക്രീൻ കല്ലുകൊണ്ട് ഇടിച്ചു തകർത്തു. അടൂരിലെ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ ബാങ്ക് ഒഫ് ബറോഡയുടെ എ. ടി. എം ആണ് ചൊവ്വാഴ്ച രാത്രിയിൽ തകർത്തത്. രണ്ടായിരം രൂപയുടെയും അഞ്ഞൂറു രൂപയുടെയും നോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ കുറഞ്ഞ തുകയെടുക്കാൻ ശ്രമിച്ച ആൾ പണം ലഭിക്കാത്ത നിരാശയിൽ സ്ക്രീൻ തല്ലിത്തകർത്തതാണെന്നാണ് പൊലീസ് നിഗമനം. മെഷീന്റെ മറ്റ് ഭാഗങ്ങൾ തുറക്കാൻ ശ്രമിക്കാതിരുന്നതിനാലാണ് മോഷണശ്രമമല്ലെന്ന് കരുതുന്നത്. എ. ടി. എം ക്യാബിനിലുണ്ടായിരുന്ന സി. സി ടി. വി ദൃശ്യം വഴി പ്രതിയെ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.