13-maramon-

മാരാമൺ: മുരടിച്ച ജീവിതങ്ങളിലൂടെ രൂപപ്പെട്ട ഭീകരതയിൽ നിന്ന് നാടിന് വിമോചനം അനിവാര്യമായിരിക്കുന്നുവെന്ന് സി.എസ്‌.​ഐ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലം. മാരാമൺ കൺവെൻഷനിൽ ഇന്നലെ രാവിലെ നടന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സമീപകാല സംഭവങ്ങൾ ഈ നാടിന്റെ രോഗാവസ്ഥയെ പ്രകടമാക്കുന്നു. അൾത്താരയിൽ കയറിയ പുരോഹിതൻ താഴെ ഇറങ്ങാൻ കോടതിവിധി വേണമെന്നു പറയുമ്പോൾ ക്രൈസ്തവ സാക്ഷ്യവും ഈ സമൂഹത്തിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് ബിഷപ് റസാലം അഭിപ്രായപ്പെട്ടു. നിറം മങ്ങിയ ആത്മീയതയാണ് നമുക്ക് മുന്നിലുള്ളത്. ആത്മീയതയെ ആയുധമാക്കുകയാണിവിടെ. തങ്ങളുടെ താത്പര്യങ്ങൾക്കനുസൃതമായി ആത്മീയതയെ നിലനിറുത്താനും ശ്രമമുണ്ട്. ജാതി ചിന്തകൾക്കതീതമാകണം ആത്മീയത. സഹമനുഷ്യരോടുള്ള യോജിപ്പിലൂടെ ഇതു സാദ്ധ്യമാകണം.
കളകൾക്കൊപ്പം വിള തിരിച്ചറിയുക പ്രയാസമാണ്. തളർന്നു പോകാതെ ദൈവഹിതം നിറവേറ്റുകയെന്നതാകണം സഭകളുടെ ദൗത്യം. വിമർശനങ്ങൾ ഉണ്ടാകാം. അവമതിപ്പുകൾ വന്നേക്കാം. ദൈവികചിന്തയിൽ അവിടെയെല്ലാം ധൈര്യത്തോടെ മുന്നോട്ടുപോകാനാകണം. മുറിപ്പെടുത്തലുകൾക്കു മുമ്പിൽ അധൈര്യപ്പെടരുതെന്ന് ബിഷപ് പറഞ്ഞു.
മനുഷ്യൻ നിസഹായത പ്രകടിപ്പിച്ച് ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ വെമ്പൽ കാട്ടുന്ന കാലഘട്ടമാണിത്. ദൈവവചനത്തിൽ നിന്ന് മടങ്ങിയതാണ് ഇതിന് അടിസ്ഥാന കാരണം. നമ്മുടെ കുടുംബാന്തരീക്ഷങ്ങൾ പ്രാർത്ഥനയുടെ ലോകത്തേക്കു തിരികെപ്പോകണം. പ്രതികൂല സാഹചര്യത്തിൽ ദൈവത്തിൽ അഭയം കണ്ടെത്താൻ പുതിയ തലമുറയെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ഉദ്‌​ബോധിപ്പിച്ചു. ഡോജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
സാമൂഹിക തിന്മകൾക്കെതിരെ ഉച്ചകഴിഞ്ഞു നടന്ന യോഗത്തിൽ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകി. വൈകുന്നേരം ജോസഫ് മാർ ബർണബാസ് എപ്പിസ്‌​കോപ്പ പ്രസംഗിച്ചു.