തണ്ണിത്തോട്: തേക്കുതോട് മൂർത്തി മണ്ണിൽ കാട്ടാന കൂട്ടങ്ങളുടെ വിളയാട്ടം പതിവാകുന്നു. ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് ആനകൾ ഇവിടെ തകർത്തത്. മൂർത്തിമൺ സ്വദേശി കുഴിവിള മേലേതിൽ കൃഷ്ണന്റെ 75 മൂട് വാഴകൾ പൂർണ്ണമായും ആനകൾ നശിപ്പിച്ചു. കുലച്ച വാഴകളായിരുന്നു ഇതിലധികവും. ഏത്തൻ, പൂവൻ, പാളയംകോടൻ തുടങ്ങിയ ഇനങ്ങളാണ് നശിപ്പിച്ചത്.കൂടാതെ കോലിഞ്ചി, കുരുമുളക്, ചീമച്ചേമ്പ്, കാച്ചിൽ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. സമീപവാസികളായ കാരംവേലിൽ ജയകുമാറിന്റെ 50 മുട് കോലിഞ്ചി കിളച്ച് കൂട്ടിയിട്ടിരുന്നതും കുരുമുളക് കൊടികളും നിരവത്ത് താഴേതിൽ ശിവദാസന്റെ കമുകും കുരുമുളകും ആനകൾ നശിപ്പിച്ചിട്ടുണ്ട്.