അടൂർ : കൊടുംവേനലൊന്നും അധികൃതർക്ക് വിഷയമേയല്ല. അടൂർ ശുദ്ധജലവിതരണ പദ്ധതിയിൽ നിന്ന് വെള്ളം കിട്ടിയാലായി. വെള്ളം തേടി ജനം പരക്കംപായുമ്പോൾ പലയിടങ്ങളിലും പൈപ്പ്പൊട്ടി വൻതോതിൽ വെള്ളം പാഴാകുന്നുമുണ്ട്. അറ്റകുറ്റപ്പണികൾ പേരിന് മാത്രം നടക്കുന്നതിനാൽ വാൽവ് തുറന്ന് ശക്തമായി വെള്ളം തുറന്നുവിടാൻ കഴിയാത്ത സ്ഥിതിയാണ്. അതിനാൽ മർദ്ദം കുറച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഇതുമൂലം ഉയർന്ന സ്ഥലങ്ങളിൽ വെള്ളം ലഭിക്കാറേയില്ല. പഴയ ആസ്ബസ്റ്റോസ് പൈപ്പ് മാറ്റി ഡി. ഐ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ജോയിന്റുകളിലെ ചോർച്ചയാണ് ഇപ്പോൾ നേരിടുന്ന പ്രതിസന്ധി. അടുത്തിടെ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച അടൂർ - പത്തനാപുരം റോഡ് വീണ്ടും തകരാൻ കാരണവും പൈപ്പ് സ്ഥാപിച്ചതിലെ അശാസ്ത്രീയതയും ഉദ്യോഗസ്ഥ വീഴ്ചയുമാണ്.
നഗരത്തിൽ കഴിഞ്ഞ നാല് ദിവസം വെള്ളംകുടി മുട്ടിച്ചത് കെ. എസ്. ആർ. ടി. സി ജംഗ്ഷനിലെ പാലത്തിന്റെ ഭാഗത്തെ വെള്ള ചോർച്ചയാണ്. ഇവിടെ വാൽവിന്റെ തകരാർ കാരണം കഴിഞ്ഞ ഒരുമാസമായി കുടിവെള്ളം പാഴാവുകയായിരുന്നു. ഇത് പരിഹരിക്കുന്നതിനുള്ള പണികൾ ഇഴഞ്ഞുനീങ്ങുകയാണ്. കെ. പി റോഡിൽ പറക്കോട് ടി. ബി ജംഗ്ഷനിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ പൈപ്പിൽ നിന്ന് വെള്ളം പാഴായി. .
--------------------
നാഥനില്ലാതെ വാട്ടർ അതോറിറ്റി
വാട്ടർ അതോററ്റി ഒാഫീസിൽ അസി. എൻജിനീയർ സ്ഥലം മാറിപ്പോയിട്ട് പകരം നിയമനം ഇതുവരെയും നടന്നില്ല. കോന്നിയിലെ എ. ഇ ക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്.
-----------
അടൂർ നഗരത്തിൽ വെള്ളം കിട്ടാതിരുന്നത് 4 ദിവസം
------------------
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ജനങ്ങളുടെ ക്ഷമ പരിശോധിക്കുകയാണ്. കുടിവെള്ളം ലഭിക്കാതായിട്ടും ജനപ്രതിനിധികൾ പോലും ഇൗ വിഷയത്തിൽ സജീവമായ ഇടപെടൽ നടത്തുന്നില്ല. ഇൗ വിഷയം ഉന്നയിച്ച് ബഹുജന പ്രക്ഷോഭം നടത്തുകയേ ഇനി മാർഗമുള്ളൂ.
ബാബു ദിവാകരൻ,
അടൂർ നഗരസഭ മുൻ ചെയർമാൻ.
--------------
അടുത്ത ദിവസം തന്നെ ശുദ്ധജലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. വാൽവിലെ ചോർച്ച പരിഹരിക്കുന്ന ജോലി നടന്നുവരികയാണ്. ഉപഭോഗം കൂടിയതുകാരണമാണ് ഉയർന്ന സ്ഥലങ്ങളിൽ വെള്ളം എത്താത്തത്.
പ്രസാദ്,
അസി. എൻജിനീയർ ഇൻ - ചാർജ്