പന്തളം: വരൾച്ച രൂക്ഷമായിട്ടും കെ.ഐ.പി കനാൽ തുറന്നുവിടാൻ വൈകുന്നത് മൂലം ജനം ബുദ്ധിമുട്ടുന്നു.മെയിൻ കനാൽ തുറന്നിട്ട് ആഴ്ചകളായെങ്കിലും പന്തളം ഭാഗത്തേക്കുള്ളത് തുറന്നിട്ടില്ല.
മുൻ വർഷങ്ങളിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ കനാലുകളിലെ കാടും പടലും മാലിന്യങ്ങളും നീക്കം ചെയ്ത് പിന്നാലെ വെള്ളം തുറന്നുവിടുമായിരുന്നു. എന്നാൽ ഇത്തവണ ഇതുവരെയും വൃത്തിയാക്കിയിട്ടില്ല. 35 വർഷം മുമ്പ് നിർമ്മിച്ച കനാലാണിത്. പിന്നീട് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. വെള്ളം തുറന്നുവിട്ടാൽ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ കൂടി പാഴാകുമെന്ന സ്ഥിതിയാണ്. കുരമ്പാല കീരുകുഴി റോഡിൽ കുരമ്പാല ജംഗ്ഷനു സമിപവും എം.എം. ജംഗ്ഷൻ നൂറനാട് റോഡിൽ പൂഴിക്കാട് മതുക്കൽ ഭാഗത്തും റോഡിനു കുറുകെ മുകൾ ഭാഗത്ത് അക്വഡേറ്റുണ്ട്. വെള്ളം തുറന്നു വിട്ടാൽ ഇവിടെ പൊട്ടിപ്പൊളിഞ്ഞ ഭാഗത്തു കൂടി റോഡിലേക്ക് ഒഴുകി പാഴാകും. മെയിൻ കനാൽ തുറന്ന് വിട്ടിട്ട് ആഴ്ചകൾ പലത് കഴിഞ്ഞിട്ടും ഈ ഭാഗത്തേക്കുള്ളത് തുറന്നുവിട്ടിട്ടില്ല.
ഉയർന്ന പ്രദേശങ്ങൾക്ക് ഒപ്പം താഴ്ന്ന സ്ഥലങ്ങളിലും കുടിവെളത്തിനായി ആളുകൾ ബുദ്ധിമുട്ടുന്നു. മുൻകാലങ്ങളിൽ നടന്ന അമിതമായ മണലൂറ്റു കാരണം അച്ചൻകോവിലാറ് കുഴിഞ്ഞുതാണിട്ടുണ്ട്. പന്തളം, കുളനട, തുമ്പമൺ പഞ്ചായത്തുകളിലെ അച്ചൻകോവിലാറിന്റെ തീരപ്രദേശങ്ങളിലെ കിണറുകളെല്ലാം വറ്റിത്തുടങ്ങി. പന്തളം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ നഗരസഭയുടെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്നുണ്ടങ്കിലും പൊതു ടാപ്പുകൾ കുറവാണ്.
---------------
കനാൽ വൃത്തിയാക്കിയിട്ടില്ല.
35 കൊല്ലം മുമ്പ് നിർമ്മിച്ച കനാൽ
പിന്നീട് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല
--------------------------
കെ.ഐ.പി കനാലിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടത്ര തുക ലഭിക്കാത്തതുകൊണ്ടാണ് ചോർച്ചയുള്ള ഭാഗങ്ങൾ നന്നാക്കാൻ കഴിയാത്തത്.
കനാൽ വൃത്തിയാക്കുന്ന പണികൾ കരാർ എടുത്തവർ ചെയ്തു തീർക്കാൻ കാലതാമസം വരുത്തുന്നതിനാലാണ് പന്തളം ഭാഗത്തേക്കുള്ള വെള്ളം തുറന്നുവിടാത്തത്.
റഫീക്കാ ബീവി
കെ.ഐ.പി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ