മല്ലപ്പള്ളി അസഹിഷ്ണുത നിറഞ്ഞ സമൂഹത്തിൽ ജീവിതം ദുസ്സഹമാകുമെന്ന് മുൻ ഡി.ജി.പി. ഡോ. അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു. വിവിധ സമുദായ സമ്മേളനങ്ങളിൽ പങ്കെടുക്കാനുള്ള താൻ പ്രഭാഷണം നടത്തി കഴിഞ്ഞാലുടൻ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അർത്ഥമറിയാതെയുള്ള വിമർശനങ്ങൾ നടക്കുന്നത് പതിവായതിനാൽ വാട്ട്‌സ് ആപ്, ഫെയ്‌സ്, ഈ മെയിൽ തുടങ്ങിയ നവമാധ്യമങ്ങൾ താൻ ഉപേക്ഷിച്ചെന്ന് സംസ്ഥാന മുൻ പൊലീസ് മേധാവി ഡോ. അലക്‌സാണ്ടർ ജേക്കബ്. മല്ലപ്പള്ളിയിൽ ബഥനിപള്ളി ഓഡിറ്റോറിയത്തിൽ വട്ടശേരി തിരുമേനിയുടെ 86-ാം അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ സമകാലികരായിരുന്ന അയ്യൻകാളി, വട്ടശേരി തിരുമേനി തുടങ്ങിയ ദീർഘവീഷണമുള്ള നവോത്ഥാന നായകൻമാരായ യുഗപ്രഭാവൻമാരുടെ പിൻമുറക്കാരായ മലയാളികൾ ജീവിതത്തിന്റെ ബാലപാഠങ്ങൾ ഇനിയും ഏറെ ശീലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓർത്തഡോക്‌സ് സഭാ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാന്നോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷനായിരുന്നു. പരിശുദ്ധ കാത്തോലിക്കാ ബാവാ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുകോശി പോൾ, ഇടവക വികാരി ഫാ. ജിനു ചാക്കോ, പോളസ് ഈപ്പൻ, മത്തായി ജോയി, ബാബു താഴത്തുമോടയിൽ, അഡ്വ. പ്രസാദ് ജോർജ്ജ്, സജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.