നാരങ്ങാനം: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന നാരങ്ങാനം ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിലുള്ള ചേനംചിറ ഭാഗത്ത് പുതിയ കുടിവെള്ള പദ്ധതി ഒരുങ്ങുന്നു. ഇവിടെയുള്ള 50ഓളം വീടുകൾക്ക് പ്രയോജനം ലഭിക്കുന്ന പുതിയ ശുദ്ധജല വിതരണ പദ്ധതി വീണാ ജോർജ് എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ മുടക്കിയാണ് നടപ്പാക്കിയത്. കിണറിന്റെയും പമ്പുഹൗസിന്റെയും ടാങ്കിന്റേയും ഉൾപ്പെടെ നിർമ്മാണം പൂർത്തിയായി. ഇന്ന് മുതൽ പമ്പിംഗ് ആരംഭിക്കും. അഞ്ചു പൊതുടാപ്പുകളാണ് പദ്ധതിയിലുള്ളത്.ഉപഭോക്താക്കളിൽ നിന്ന് തെരഞ്ഞെടുത്ത കർമ്മസമിതിയെയാണ് വീടുകൾക്കുള്ള കണക്ഷൻ സംബന്ധിച്ച് തീരുമാനിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വീണാ ജോർജ് എം.എൽ.എ പിന്നീട് നിർവഹിക്കും.