photo
രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂൾ ഭൂമിത്റ സേന ക്ലബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷവൈദ്യൻ കെ. ബിനുവിനെ ആദരിക്കുന്ന ചടങ്ങിൽ പ്റിൻസിപ്പൽ ആർ. ദിലീപ് പൊന്നാട അണിയിക്കുന്നു.

പ്രമാടം:നേതാജി ഹയർ സെക്കൻഡറി സ്‌കൂളിലെ ഭൂമിത്രസേന ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ വൃക്ഷവൈദ്യൻ കെ.ബിനുവിനെ ആദരിച്ചു.പ്രായാധിക്യം ഉള്ളതും കേടുവന്നതും ഇടിവെട്ടേ​റ്റതും കൊമ്പുകൾ ചീഞ്ഞതുമായ വൃക്ഷങ്ങളെ ആയുർവേദ ചികിത്സയിലൂടെ സുഖപ്പെടുത്താമെന്നും വൃക്ഷങ്ങൾക്ക് യൗവനം തിരികെ നൽകാമെന്നും കാട്ടിക്കൊടുത്ത കെ.ബിനു സംസ്ഥാന വനം,വന്യജീവി ബോർഡ് അംഗമാണ്. അന്താരാഷ്ട്ര സസ്യ ആരോഗ്യ വർഷമായി ആചരിക്കുന്നവേളയിലാണ് സ്‌കൂളിൽ കെ. ബിനുവിനെ ആദരിച്ചത്.സ്‌കൂൾ പ്രൻസിപ്പൽ ആർ.ദിലീപ് പൊന്നാട അണിയിച്ചു. ക്ലബ് കോ-ഓർഡിനേ​റ്റർ ടി.ആർ.ഗീത,വിദ്യാർത്ഥി പ്രതിനിധി ഡോണ.പി.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

ചികിത്സാ രീതി ഇങ്ങനെ

പാടത്തെ ചെളിമണ്ണ്, എള്ള്, കദളിപ്പഴം, താമര സമൂലം വൃക്ഷം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, നാടൻ പശുവിന്റെ ചാണകം,നെയ്യ്,പാൽ,കച്ചിപ്പൊടി,ചിതൽപ്പു​റ്റ് എന്നിവ വൃക്ഷത്തിന്റെ പ്രായം,വലിപ്പം എന്നിവ കണക്കാക്കി നിശ്ചിത അനുപാതത്തിൽ കുഴച്ചെടുത്ത് വെള്ളം കൂട്ടാതെ വൃക്ഷത്തിന്റെ കേടുവന്ന ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ചശേഷം തുണിയിൽ പൊതിഞ്ഞ് നിശ്ചിതദിവസം സംരക്ഷിക്കുന്നതാണ് വൃക്ഷ ആയുർവേദ ചികിത്സാരീതി.മരുന്ന് കൂട്ട് മരത്തിൽ പിടിക്കാൻ ആറുമാസം വേണ്ടിവരും. ഇതേ രീതിയിൽ കേരളത്തിൽ പലയിടത്തായി പുളി, പ്ലാവ്, വാകമരം, ആഞ്ഞിലി തുടങ്ങി ഇരുപതോളം മരങ്ങൾക്ക് ഇതിനോടകം ആയുർവേദ ചികിത്സ നടത്തി ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്.

വൃക്ഷവൈദ്യൻ എന്ന പേരിൽ ഡോക്യുമെന്ററിയും

കേരളത്തിൽ ആറു പതി​റ്റാണ്ട് മുമ്പ് ഉണ്ടായിരുന്നതും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്ത വൃക്ഷായുർവേദ ചികിത്സയാണ് വാഴൂർ ഉള്ളായം യു.പി.എസ് അദ്ധ്യാപകനായ കെ.ബിനു തിരികെയെത്തിച്ചിട്ടുള്ളത്. ഇദ്ദേഹത്തെ മുൻ നിറുത്തി വൃക്ഷവൈദ്യൻ എന്ന പേരിൽ അരമണിക്കൂർ ഡോക്കുമെന്ററിയും പുറത്തിറക്കിയിട്ടുണ്ട്. എൽദോ ജേക്കബാണ് സംവിധായകൻ.

-ചികിത്സ നടത്തിയ 20 മരങ്ങൾക്ക്

മരുന്ന്കൂട്ട് മരത്തിൽ പിടിയ്ക്കാൻ 6 മാസം

----------------------------

പ്രായാധിക്യം ഉള്ളതും കേടുവന്നതും ഇടിവെട്ടേ​റ്റതും കൊമ്പുകൾ ചീഞ്ഞതുമായ വൃക്ഷങ്ങളെ ആയുർവേദ ചികിത്സയിലൂടെ സുഖപ്പെടുത്താം..