പത്തനംതിട്ട: ദൈവത്തിന്റെ സ്വന്തം നാട് ലഹരിമരുന്നുകളുടെ നാടായി മാറിയിരിക്കുകയാണെന്ന് എക്സൈസ് ജോയിന്റ് കമ്മിഷണർ മാത്യൂസ് ജോൺ പറഞ്ഞു. മാരാമൺ കൺവെൻഷനോടനുബന്ധിച്ച് ഇന്നലെ ആരംഭിച്ച യുവവേദി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്ക്കോപ്പ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ പ്ലസ്ടു വിദ്യാർത്ഥികളിൽ നാല്പത് ശതമാനത്തിലേറെ മദ്യമുപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുന്ന പ്രവണത യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ കുറഞ്ഞിട്ടുണ്ടെങ്കിലും പാൻമസാല ഉപയോഗിക്കുന്ന സ്കൂൾ കുട്ടികളുടെ എണ്ണം ഭയാനകമാണ്. ഇന്ത്യയിൽ പഞ്ചാബ് കഴിഞ്ഞാൽ മയക്കുമരുന്നുവിൽക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് ഒരു സിന്തറ്റിക് ഡ്രഗ് പോലും നിർമ്മിക്കുന്നില്ല. എന്നാൽ സിന്തറ്റിക് ഡ്രഗുകൾ കേരളത്തിലെ വിദ്യാർത്ഥികൾ ഏറെ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൺവൻഷൻ നഗറിൽ മാർത്തോമ്മ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിലുള്ള യുവവേദി സമ്മേളനങ്ങൾ ആരംഭിച്ചു. യുവജനങ്ങൾ ആദർശ ലോക നിർമ്മിതി എന്നതാണ് ഈ വർഷത്തെ യുവവേദി ചർച്ച ചെയ്യുന്നതെന്ന് റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്ക്കോപ്പ പറഞ്ഞു.