ഏനാത്ത്: ഏനാത്ത് മണ്ണടി റോഡിൽ ബിസ്മി സൂപ്പർ മാർക്കറ്റിന്റെ പിന്നിൽ നിലങ്ങളും വെള്ളക്കെട്ടുകളും നികത്തുന്നതായി പരാതി. റവന്യൂ വകുപ്പിന്റെ നിറുത്തിവയ്ക്കൽ നോട്ടീസ് അവഗണിച്ചാണിത് തുടരുന്നത്. 20 സെന്റ് സ്ഥലം സംരക്ഷണഭിത്തികെട്ടി ഘട്ടംഘട്ടംമായി നികത്തിയെടുക്കാനാണ് ശ്രമം. നാട്ടുകാരുടെയും പൊതു പ്രവർത്തകരുടെയും നിരന്തര പരാതിയെ തുടർന്ന് ഏനാത്ത് വില്ലേജ് ഓഫീസർ സ്ഥലത്തെത്തിയാണ് നോട്ടീസ് നൽകിയത്. എന്നാൽ ഷീറ്റുകൾ കൊണ്ട് സ്ഥലം മറച്ച് നികത്തൽ തുടരുന്നു. നെൽകൃഷി ചെയ്തിരുന്ന നെൽവയലുകൾ നികത്തി നീരൊഴുക്ക് തടസപ്പെടുത്തി കെട്ടിടങ്ങൾ സ്ഥാപിക്കുകയും റബർ മരങ്ങൾ നടുകയും ചെയ്തതുമൂലം. കഴിഞ്ഞ രണ്ട് വെള്ളപൊക്കത്തിലും കല്ലടയാറ് കരകവിഞ്ഞ് മണ്ണടി റോഡ് പൂർണമായും മുങ്ങിയിരുന്നു. പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത അടൂർ ആർ. ഡി.ഒ യ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അരുൺ കെ. എസ് മണ്ണടിയും ആവശ്യപ്പെട്ടു.