escalator
തിരുവല്ല കെ.എസ്.ആർ.ടി.സി. വാണിജ്യസമുച്ചയത്തിലെ പ്രവർത്തനരഹിതമായ എസ്‌കലേറ്റർ

തിരുവല്ല: കടമുറികൾക്ക് ആവശ്യക്കാരെത്തി തുടങ്ങിയതോടെ പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി.അഞ്ചു വർഷമായി തിരുവല്ലയിലുള്ള വാണിജ്യ സമുച്ചയത്തിലെ കടമുറികൾ വിൽപ്പനയ്ക്കായി കാത്തിരിക്കുകയായിരുന്നു അധികൃതർ.ഒടുവിൽ നടത്തിയ ടെണ്ടർ നടപടികളിലൂടെ മുകളിലേക്കുള്ള ചില കടമുറികളും ഓഫീസ് മുറികളും സ്വന്തമാക്കാൻ ആവശ്യക്കാരെത്തി.2015 ജൂൺ ആറിനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.15,450 ചതുരശ്രഅടി വിസ്തീർണമുള്ള 8 നിലകളാണ് ഉള്ളത്.ഇതിൽ താഴത്തെ നിലയിലെ 19കടമുറികളിൽ നാല് കടകൾ ഒഴിഞ്ഞു കിടന്നതും കഴിഞ്ഞ ലേലത്തിലൂടെ വിൽപ്പനയായി.ഒന്നുംരണ്ടും നിലകളിൽ 15 എണ്ണത്തിൽ മൂന്നുംനാലും നിലകളിൽ 13കടമുറികൾ വീതമാണുള്ളത്.ഇതിൽ നാലെണ്ണവും ലേലമായി.അഞ്ചു മുതൽ ഏഴുവരെ നിലകളിൽ ഓഫീസ് സൗകര്യത്തിനുള്ള മുറികളാണ്.ഇതിലെ ഒരുനില സ്വകാര്യബാങ്ക് ലേലത്തിലെടുത്തു.അഞ്ചുവർഷമായി അടഞ്ഞുകിടക്കുന്ന എട്ട് നില കെട്ടിടം കെ.ടി.ഡി.എഫ്.സിയാണ് നിർമ്മിച്ചത്.മുകളിലേക്കുള്ള നിലകൾ ഒഴിഞ്ഞു കിടന്നതോടെ എസ്‌കലേറ്റർ ഉൾപ്പെടെയുള്ളവ പ്രവർത്തനരഹിതമാണ്‌.

വീണ്ടും ലേലം

വ്യാപാര സമുച്ചയത്തിന്റെ മുകളിലെ കുറെ മുറികൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നത് അധികൃതരെ അലട്ടുന്നു.ഇതിനായുള്ള ലേലനടപടികൾ അടുത്തമാസങ്ങളിൽ വീണ്ടും നടത്തും.വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഭൂഗർഭ നിലയിലാണ്.250 കാറുകൾക്കും 200 ഇരുചക്രവാഹനങ്ങൾക്കും സ്ഥലം ഇവിടെയുണ്ട്.കെട്ടിടത്തിന്റെ ഉദ്ഘാടനശേഷം 2015ൽ ടെൻഡർ നടത്തിയിരുന്നു.അന്നത്തെ തുക തന്നെയാണ് ഇപ്പോഴും.കൂടിയതുക നൽകുന്നവർക്ക് മുറി സ്വന്തമാക്കാം.അടുത്ത ടെണ്ടർ നടപടികളിലൂടെ ബാക്കിയുള്ള മുറികളും വില്പനയാകുന്നതോടെ സമുച്ചയംപൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സിനിമ തീയറ്റർ ഒഴിവാക്കി; മറ്റുവഴി തേടും

എട്ടാംനിലയിൽ ഒറ്റ വലിപ്പത്തിലുള്ള ഹാളാണ്.ഇതുനേരത്തേ സിനിമാ തീയറ്ററിനാണ് പദ്ധതി തയാറാക്കിയിരുന്നത്.എന്നാൽ സർക്കാർ തീരുമാനപ്രകാരം മൂന്നുനിലയ്ക്കു മുകളിൽ തീയറ്റർ നടത്താൻ അനുമതി ലഭിക്കാതിരുന്നതോടെ അഗ്നിശമനസേനയുടെ അംഗീകാരവും വൈകി.തീയറ്റർ പദ്ധതി ഉപേക്ഷിച്ചതോടെയാണ് അഗ്നിശമനസേനയുടെ അനുമതി ലഭിച്ചത്.ഇതിനിടയിൽ അവർ ആവശ്യപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ കെ.ടി.ഡി.എഫ്സി ചെയ്യുകയും ചെയ്തു.അഗ്നിശമനസേനയുടെ അനുമതി ഒരുവർഷംമുമ്പ് ലഭിച്ചതോടെയാണ് കടമ്പകളെല്ലാം പൂർത്തിയാക്കി നഗരസഭയുടെ കെട്ടിടനമ്പർ ലഭിച്ചത്.ഇതേ തുടർന്നാണ് ടെണ്ടർ നടപടികൾ ആരംഭിച്ചത്.രണ്ടരവർഷം മുൻപ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചിരുന്നു.

-15,450 ചതുരശ്രഅടി വിസ്തീർണം

-8 നിലകെട്ടിടങ്ങൾ

-കെട്ടിടത്തിന്റെ മൊത്തം ചെലവ് 40 കോടി

-2,300 മുതൽ 7,000ചതുരശ്രഅടി വരെ കടമുറികളുട വിസ്തീർണം

-----------------------------------------------------------------------

-ചതുരശ്രഅടിയ്ക്ക് 15രൂപ മുതൽ 80രൂപ വരെ വാടക

-18 മാസത്തെ വാടകത്തുക നിക്ഷേപമായി നൽകണം