പത്തനംതിട്ട : ജില്ലയിൽ പെരുകുന്ന വാഹനാപകടങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന്
ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ പറഞ്ഞു.
ജില്ലയിൽ ചാർജെടുത്തതേയുള്ളു. സ്ഥിതിഗതികൾ വിലയിരുത്തുകയാണിപ്പോൾ. അപകടങ്ങൾ എല്ലായിടത്തും ക്രമാതീതമായി വർദ്ധിക്കുകയാണ്. അതിനെ ചെറുക്കാൻ പൊലീസിന്റെ എല്ലാ സഹായവും ഉണ്ടാകും. കണക്കുകളെക്കുറിച്ചൊക്കെ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇത്രയധികം മരണം സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ട കാര്യമാണ്. ഏത് സ്ഥലത്താണ് കൂടുതൽ അപകടം സംഭവിക്കുന്നത് എന്നാവും ആദ്യം കണ്ടെത്തുക. അതിനുശേഷം എന്തുകൊണ്ടാണിത് എന്ന് വിശകലനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ അപകടങ്ങളുടെ പ്രധാന കാരണം റോഡ് നിർമ്മാണത്തിലുണ്ടാകുന്ന പാകപിഴയാണോ എന്ന് സംശയമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ആർ. രമണൻ പറഞ്ഞു. വളവുകൾ ശാസ്ത്രീയമായ രീതിയിലാണോ നിർമ്മിച്ചിരിക്കുന്നതെന്ന് പരിശോധിക്കണം. റോഡിന് വീതി കൂട്ടുമെങ്കിലും വാഹനങ്ങൾ അതിനനുസരിച്ച് വർദ്ധിക്കുന്നുണ്ട്. അതോടൊപ്പം വഴിയോര കച്ചവടക്കാരും ധാരാളമുണ്ട്. വാഹനങ്ങൾക്ക് പോകാനുള്ള സ്ഥലമില്ല അനധികൃതമായ മണൽകടത്തുപോലെയുള്ള സംഭവങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശനമായ നടപടിയെടുക്കണം. സൈൻ ബോർഡുകൾ കാടു പിടിച്ചു കിടത്താതെ വൃത്തിയാക്കി യാത്രക്കാർക്ക് ഉപകാരപ്രദമായ രീതിയിൽ സൂക്ഷിക്കണം. നഗരത്തിൽ സി.സി.ടി.വി കാമറ സ്ഥാപിക്കണം