പത്തനംതിട്ട : കേന്ദ്രബഡ്ജറ്റും സംസ്ഥാന ബഡ്ജറ്റും തമ്മിലുള്ള താരതമ്യത്തിൽ നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായം. ഇന്നലെ പ്രസ്ക്ളബിൽ നടന്ന ബഡ്ജറ്റ് അവലോകനത്തിലായിരുന്നു അഭിപ്രായവ്യത്യാസം അവതരിപ്പിച്ചത്. കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് , കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, വ്യാപാരി സംഘടനാ ഭാരവാഹികളായ പ്രസാദ് ജോൺ മാമ്പ്ര, പി ടി അഹമ്മദ് എന്നിവർ പങ്കെടുത്തു.
കേന്ദ്ര , സംസ്ഥാന ബഡ്ജറ്റുകൾ സ്വീകരിച്ചിരിക്കുന്നത് രണ്ട് സമീപനങ്ങളാണെന്ന് പീലിപ്പോസ് തോമസ് പറഞ്ഞു. കേന്ദ്രത്തിന് വിഭവസമാഹരണത്തിനുള്ള സാദ്ധ്യതകൾ ഏറെയുണ്ട്. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നു. വിഭവത്തിനൊത്ത് ബഡ്ജറ്റ് ഉയർന്നില്ല. തൊഴിലുറപ്പ് പദ്ധതിക്കുപോലും ആവശ്യത്തിനുള്ള തുക നീക്കിവച്ചില്ല.
കേന്ദ്രത്തിന്റെ കടുത്ത അവഗണനയിലും സംസ്ഥാന ബഡ്ജറ്റ്
ക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകി. ക്ഷേമപെൻഷനിൽ നിന്ന് അനർഹരെ ഒഴിവാക്കി. 100 രൂപ വർദ്ധിപ്പിച്ചു.
രാജ്യം വൻ സാമ്പത്തികമാന്ദ്യം നേരിടുന്നു. ഗ്രാമീണ മേഖലയിൽ കൂടുതൽ പണം ചെലവഴിക്കാനുള്ള സാഹചര്യമുണ്ടായാൽ മാത്രമേ രാജ്യത്തിന് കരകയറാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
അന്ത്യോദയയിൽ ഊന്നൽ നൽകുന്നതാണ് കേന്ദ്രസർക്കാർ ബഡ്ജറ്റെന്ന് അശോകൻ കുളനട അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ളവരെ കൈപിടിച്ചുയർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ രാജ്യത്ത് പെട്രോളിനും പാചകവാതകത്തിനും വില കൂടുന്ന സാഹചര്യമാണുള്ളതെന്ന് കെ.ശിവദാസൻ നായർ അഭിപ്രായപ്പെട്ടു. ഇരു ബഡ്ജറ്റുകളും ഒരേ സമീപനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം മോഡറേറ്ററായി. സെക്രട്ടറി ബിജു കുര്യൻ സ്വാഗതവും എക്‌സിക്യൂട്ടീവംഗം എ. ബിജു നന്ദിയും പറഞ്ഞു.