fire
ക്ഷേത്രകുളത്തിൽ ഇറങ്ങി ഉളിയുമായി ആത്മഹത്യാ ഭീഷണി ഉയർത്തിയ യുവാവിനെ കരയ്ക്ക് കയറ്റാൻ ഫയർഫോഴ്സ് സംഘം ശ്രമിക്കുന്നു.

അടൂർ : മാനസിക വിഭ്രാന്തിയിലായ യുവാവ് ഒരു മണിക്കൂറിലേറെ നേരം ഉയർത്തിപ്പിടിച്ച ഉളിയുമായി ജനങ്ങളെ ഭീഷണിപ്പെടുത്തി. യുവാവിനെ കീഴടക്കാൻ കഴിയാതെ പൊലീസും അഗ്നിരക്ഷാസേനയും വലഞ്ഞു. പറക്കോട് വടക്ക് മുണ്ടുമുരുപ്പേൽ മണിലാൽ (30) ആണ് ഭീതിപരത്തിയത്. ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം. ആശാരിയായ വിജയന്റെ പറക്കോട് വടക്കുള്ള വീട്ടിൽ കയറിയാണി ഇയാൾ ഉളികൈക്കലാക്കിയത്. കുത്താൻ ശ്രമിച്ചപ്പോഴേക്കും വിജയൻ വീടിനുള്ളിൽ കയറി കതകടച്ചു. തുടർന്ന് മണിലാൽ സമീപത്തെ മൂന്ന് വീടുകളിലും പച്ചക്കറി കടയിലും ചെന്ന് ഭീഷണിപ്പെടുത്തി. . ഇതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. അപ്പോഴേക്കും ഇയാൾ കുറ്റിപ്പുറം ജംഗ്ഷനിൽ വച്ച് വസ്ത്രം അഴിച്ചുമാറ്റി മുല്ലൂർകുളങ്ങര ഭഗവതി ക്ഷേത്രകുളത്തിലേക്ക് ചാടി ആത്മഹത്യാ ഭീഷണി മുഴക്കി. കുളത്തിൽ കഴുത്തൊപ്പം വെള്ളമേ ഉണ്ടായിരുന്നുള്ളൂ. പൊലീസും അഗ്നിരക്ഷാ സേനയും നുനയിപ്പിച്ച് കരയ്ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പൊലീസിനു നേരേ അസഭ്യവർഷംമുഴക്കുകയും ചെയ്തു. ഒരുണിക്കൂറിലേറേ കഴിഞ്ഞതോടെ നാട്ടുകാരിൽ ഒരാളും നാല് ഫയർ ഉദ്യോഗസ്ഥരും കുളത്തിലേക്കിറങ്ങി. ഇവർ കീഴ്പ്പെടുത്തി ഉളി തിരിച്ചുവാങ്ങിയ ശേഷം കരയിൽ എത്തിച്ചു. അടൂർ ജനറൽ ആശുപത്രിയിലെത്തിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കൾമരിച്ച ഇയാൾ ഒറ്റയ്ക്കാണ് താമസം. അടൂർ ഇലക്ട്രിക്കൽ സബ് ഡിവിഷനിലെ കരാർ ജോലി ക്കാരനാണ്.