കോന്നി: അനധികൃത വഴിയോരക്കച്ചവടങ്ങൾക്കെതിരെ കോന്നിയിലെ വ്യാപാരികൾ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ഈ മാസം 27ന് ഉച്ചയ്ക്ക് രണ്ട് മണിവരെ കോന്നിയിൽ കടകൾ അടച്ച് പ്രതിഷേധിക്കുകയും കോന്നി പഞ്ചായത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യാപാരികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കോന്നിയിലെ അനധികൃത വഴിയോര കച്ചവടങ്ങൾ ഒഴിപ്പിക്കണമെന്ന് കോന്നി പഞ്ചായത്തിനോട് വ്യാപാരികൾ പല തവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.വഴിയോര കച്ചവടം മൂലം വ്യാപാരം നിലയ്ക്കുന്നതിനാൽ കോന്നിയിലെ വ്യാപാരികൾ പലരും ആത്മഹത്യയുടെ വക്കിലാണ്.ഫുഡ് പാത്തിലുള്ള അനധികൃത തട്ടുകടകളിലും മറ്റും ആരോഗ്യ വകുപ്പ് ഇടപെടൽ നടത്തുന്നതുമില്ല.കോന്നി നഗരത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി ആളുകളാണ് അനധികൃതമായി കച്ചവടം നടത്തുന്നത്.പഞ്ചായത്ത് നിരോധിച്ച സ്ഥലങ്ങളിലും അനധികൃത കച്ചവടങ്ങൾ വർദ്ധിക്കുകയാണ്.വാഹനങ്ങളിൽ നടത്തുന്ന കച്ചവടങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പ്രതീകരിക്കുന്നില്ല.900 വ്യാപാരികളാണ് കോന്നി നഗരത്തിൽ ഉള്ളത്​.ആയിരം രൂപ മുതൽ മുകളിലേക്ക് വലിയ തുകകൾ കോന്നി പഞ്ചായത്തിന് നികുതി അടച്ചാണ് പലരും കച്ചവടം ചെയ്യുന്നത്.കാൽനട യാത്രക്കാർക്കും റോഡരുകിലെ അനധികൃത കച്ചവടം മൂലം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.കോന്നി പഞ്ചായത്ത് ഇതിനെതിരെ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കോന്നിയിലെ വ്യാപാരികൾ സ്ഥാപനങ്ങൾ അടച്ചിട്ട് അനശ്ചിതകാല സമരമാരംഭിക്കുമെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഡി.അനിൽ കുമാർ,രാജഗോപാൽ,അഷ്രഫ് അലങ്കാർ,സുരേഷ്‌കുമാർ,മനേഷ്,സന്തോഷ് മാത്യു,റഹ്മത്ത് ലബ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.