അടൂർ : ഏഴ് വയസുകാരിയെ മുത്തശനും മുത്തശിയും മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് തെങ്ങമം തോട്ടമുക്ക് ഇടക്കടവിൽ പരേതനായ അരുൺ കുമാറിന്റെ പിതാവ് രാമചന്ദ്രകുറുപ്പ്, മാതാവ് സോമവല്ലിയമ്മ എന്നിവർക്കെതിരെയാണ് കേസ്. 12 ന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം . അരുൺ കുമാറിന്റെ ഭാര്യ ടി. വി കണ്ടതിനെ ചൊല്ലി ഭർത്തൃമാതാവ് ബഹളം ഉണ്ടാക്കിയത് മൊബൈലിൽ അഭിരാമി റിക്കാർഡ് ചെയ്തത് കണ്ടതോടെ സോമവല്ലിയമ്മ കുട്ടിയെ മർദ്ദിച്ചതായാണ് പരാതി. ഫ്രിഡ്ജിൽ തലയിടിച്ച് മകൾ വീഴുന്നത് കണ്ട് തടസം പിടിക്കാനെത്തിയ മാതാവ് രാജിയേയും മർദ്ദിച്ചു. അമ്മയും മകളും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാജിയുടെ ഭർത്താവ് ഒരുവർഷം മുമ്പ് സാമ്പത്തിക ബാദ്ധ്യത കാരണം ആത്മഹത്യ ചെയ്തിരുന്നു. അതിനെ തുടർന്ന് വസ്തുവിൽ അവകാശത്തർക്കം ഉന്നയിച്ച് കോടതിയിൽ നിന്ന് വസ്തു അറ്റാച്ച് ചെയ്താണ് രാജിയും മക്കളും ഇവിടെ താമസിക്കുന്നത്.