15-maraman-yuva
മാരാമൺ യുവവേദിയിൽ ജസ്റ്റീസ് കുര്യൻ ജോസഫ് പ്രസംഗിക്കുന്നു

മാരാമൺ: ആത്മീയത ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിൽ നിന്നാണ് ഉണ്ടാകേണ്ടതെന്ന് ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു. മാരാമൺ കൺവെൻഷനിലെ യുവവേദി കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മതാത്മകത കൂടുകയും ആത്മീയത കുറയുകയുമാണ് ഇപ്പോൾ. ദൈവരാജ്യം അവനവനിൽ നിന്നാണ് സൃഷ്ടിക്കപ്പെടേണ്ടത്. ആത്മബോധം ആത്മീയ ബോധം അപരബോധം എന്നിവയാണ് ദൈവരാജ്യത്തിലേക്കുള്ള വഴികൾ. മതാത്മതയുള്ളവർക്ക് ദൈവരാജ്യം ലഭ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്റെ മണ്ണും എന്റെ പെണ്ണും എന്ന സ്വാർത്ഥത കൈവെടിയണം. ദേവാലയത്തിന്റെ പരിശുദ്ധിയിൽ ജീവിക്കുന്നവർക്ക് മാത്രമേ സ്വർഗത്തിൽ ഇടമുള്ളൂ. ക്രൈസ്തവ സഭകളുടെ അന്തഛിദ്രവും, സംഘർഷങ്ങളുമാണ് പരിഹരിക്കേണ്ടത്. ആത്മീയ ശുശ്രൂഷകർ കാണിക്കാത്ത സാഹോദര്യം ദൈവ നിന്ദയാണ്. ദൈവത്തിന്റെ നീതിയുടെ ഘടകം കരുണയാണ്. ഉള്ളതും, ഉള്ളവും പങ്കുവെയ്ക്കുന്നതാണ് യഥാർത്ഥ ദൈവീകത. അപരന്റെ കണ്ണീര് തുടയ്ക്കാത്തവനും അന്യന്റെ സ്വരം ശ്രദ്ധിക്കാത്തവനും ആത്മീയതിൽ സ്ഥാനമില്ല. കപട ആത്മീയതയാണ് എല്ലാ മതപരമായ സംഘർഷങ്ങൾക്കും കാരണമെന്ന് അദ്ദേഹം പറഞ്ഞു. റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌​കോപ്പ അദ്ധ്യക്ഷത വഹിച്ചു.