ചെങ്ങന്നൂർ: സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ പ്രീപ്രൈമറിയിൽ ജോലി ചെയ്യുന്ന ടീച്ചർമാരും, ആയമാരും പ്രീപ്രൈമറിയെ സ്കൂളിന്റെ ഭാഗമായി അംഗീകരിച്ച് പി.എസ്.സിവഴി നിയമിച്ച ടീച്ചർമാർക്കുനൽകുന്ന ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് പ്രീപ്രൈമറി ജീവനക്കാർ ശനിയാഴ്ച രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുമുൻവശത്തുനിന്നും ചെങ്ങന്നൂർ എ.ഇ.ഓ ഓഫീസിലേക്ക് മാർച്ച് നടത്തി. അദ്ധ്യാപകരുടെയും, ആയമാരുടെയും ന്യായമായ ആവശ്യങ്ങൾ മുൻ സർക്കാറിനെയും, നിലവിലുള്ള സർക്കാരിനെയും ജനപ്രതിനിധികളുടെയും മുൻപാകെ ഉന്നയിച്ചിട്ടുള്ളതാണ്.മാവേലിക്കര വിദ്യാഭ്യാസ ഉപജില്ല ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ടീച്ചർമാരും,ആയമാരും മാർച്ചിൽ പങ്കെടുത്തു.പൊലീസ് എ.ഇ.ഒ ഓഫീസിനുമുന്നിൽ മാർച്ച് തടഞ്ഞു.ജനകീയ പ്രതിരോധ സമിതി താലൂക്ക് പ്രസിഡണ്ട് ആല വാസുദേവൻപിള്ള യോഗം ഉദ്ഘാടനം ചെയ്തു.ചെങ്ങന്നൂർ ഉപജില്ലാ പ്രസിഡന്റ് ബിന്ദു പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു.ദീപആർ.നായർ സ്വാഗതവും,മുഖ്യപ്രസംഗം കെ.പി സുബൈദ (ജില്ലാ പ്രസിഡണ്ട്),സിസി സാമുവൽ,സജീന,ടെസി ബേബി,റെനിഷിബു എന്നിവർ സംസാരിച്ചു.