bridge
നഗരത്തിൽ നിർമ്പിക്കുന്ന ഇടട്ടപാലങ്ങളിൽ ഒന്നിന്റെ പിർമ്മാണം മുക്കാൽ ഭാഗവും പൂർത്തിയായപ്പോൾ

അടൂർ : കിഫ്ബിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇഴഞ്ഞുനീങ്ങിയിരുന്ന നഗരത്തിലെ ഇരട്ടപ്പാലങ്ങളുടെ നിർമ്മാണത്തിൽ നേരിയ പുരോഗതി. നിശ്ചിത കാലയളവ് കഴിഞ്ഞിട്ടും പാലംപണി 30 ശതമാനത്തോളം പൂർത്തിയാകാതെ വന്നതിനെ തുടർന്ന് പണിനിറുത്തിവയ്ക്കാൻ കരാറുകാരന് കിഫ്ബിയുടെ സാങ്കേതിക വിഭാഗം നിർദ്ദേശം നൽകി. ഇത് അനിശ്ചിതത്വത്തിന് ഇടയാക്കിയെങ്കിലും വൈദ്യുതി ലൈൻ മാറ്റുന്നതിലുണ്ടായകാലതാമസവും, വെള്ളപ്പൊക്കത്തിന്റെയും മുടന്തൻ ന്യായങ്ങൾ നിരത്തി തൽക്കാലം തടിയൂരിയതോടെയാണ് അൽപ്പമെങ്കിലും നിർമ്മാണത്തിൽ വേഗത കൈവരിച്ചത്. 2018 നവംബർ 30 നായിരുന്നു പാലത്തിന് മന്ത്രി ജി.സുധാകരൻ ശിലാസ്ഥാപനം നടത്തിയത്. ഒരുവർഷമായിരുന്ന കരാർ കാലാവധി. എന്നാൽ തുടക്കം മുതൽ കരാറുകാരന്റെ അനാസ്ഥയിൽ നിർമ്മാണം ഇഴഞ്ഞുനീങ്ങി.വടക്ക് ഭാഗത്തെ പാലത്തിന്റെ നിർമ്മാണത്തിന് ട്രാൻസ്ഫോർമറും ലൈനും തടസമായിരുന്നു എന്നത് യാഥാർത്ഥ്യം.തെക്കുഭാഗത്തെ നിർമ്മാണത്തിന് കഴിഞ്ഞ കാലവർഷസമയത്ത് തോട്ടിൽ ജലനിരപ്പ് ഉണ്ടായി പണി നിറുത്തിവെയ്ക്കേണ്ടി വന്നതൊഴിച്ചാൽ മറ്റൊരു തടസവുമുണ്ടായിരുന്നില്ല.ഒടുവിൽ കിഫ്ബിയുടെ കൈയ്യും കാലും പിടിച്ചാണ് പണിതുടരുന്നതിനുള്ള അനുമതി നേടിയെടുത്തത്.പാലം പൂർത്തിയാകുന്നതോടെ ഇൗ മേഖലയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്നതിനൊപ്പം നഗരത്തിന് പുതിയ മുഖവും കൈവരും.വടക്കുഭാഗത്തെ പാലത്തിന്റെ അപ്രോച്ച് നിർമ്മാണത്തിനായി പുറമ്പോക്ക് കൈയേറിയ വ്യാപാരികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളും പൂർത്തിയായി. പതിനഞ്ചോളം വ്യാപാര സ്ഥാനപങ്ങൾക്ക് നോട്ടീസ് നൽകി റോഡിലേക്ക് തള്ളിനിന്ന നിർമ്മാണം പൊളിച്ചു നീക്കിപ്പിച്ചു. ഇതോടെ ഇൗ ഭാഗത്ത് 42 മീറ്റർ വീതി കൈവരിക്കാനായി.

-നിലവിലുള്ള പാലത്തിന്റെ തെക്കുഭാഗത്തെ പാലത്തിന്റെ രണ്ട് അബട്ട്മെന്റുകളും പൂർത്തിയായി. ഡേർട്ട് വാളിന്റെ കോൺക്രീറ്റ് അടുത്ത ദിവസം നടക്കും. മാർച്ച് പകുതിയോടെ തോടിന് കുറുകെയുള്ള സ്ളാബിന്റെ കോൺക്രീറ്റിംഗ് പൂർത്തിയാകും.

-വടക്കുഭാഗത്തെ പാലത്തിനുള്ള പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു. മൊത്തം 16 പൈലുകളാണ് നിർമ്മിക്കേണ്ടത്. അതിൽ അഞ്ചെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി.ഇൗ ഭാഗത്തെ ഒാടയുടെ നിർമ്മാണവും അവസാനഘട്ടത്തിലായി.

പാലത്തിന്റെ നീളം 25 മീറ്റർ,

വീതി 7.5 മീറ്റർ

ഇരുപാലങ്ങളിലും ഒന്നര മീറ്റർ വീതിയിൽ ഒാരോ നടപ്പാതകളും.

നിർമ്മാണ കാലാവധി : മേയ് 31