പന്തളം: ഹോട്ടൽ മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കുന്നു എന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ജീവനക്കാർ പരിശോധന നടത്തി. പന്തളം ജംഗ്ഷനു തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ആര്യാസ് ഹോട്ടലിലാണ് അസി. എൻജിനിയറുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങൾ എം.സി റോഡിലെ ഓടയിലേക്കാണ് ഒഴുക്കിവിടുന്നത് ഇത് ഇവിടെ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതുമൂലം ഈ ഭാഗത്ത് എത്തുന്നവർ മൂക്ക് പൊത്തി കഴിയേണ്ട അവസ്ഥയാണ്. നഗരസഭാ അധികൃതരോട് പരാതി പറഞ്ഞിട്ടും പരിഹാരം ഉണ്ടാകാതെ വന്നതോടെ മലിനീകരണ നിയന്ത്രണ ബോർഡിന് നൽകിയ പരാതിയിലാണ് പരിശോധന നടത്തിയത്. ഓടയിലേക്ക് മാലിന്യങ്ങൾ ഒഴുക്കരുതെന്ന നിർദേശവും നൽകി. കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് ഭക്ഷണസാധനങ്ങൾക്ക് അമിത വില വാങ്ങിയതിനും ഈ ഹോട്ടലിന് എതിരെ പിഴ ചുമത്തിയിരുന്നു.