പത്തനംതിട്ട : താലൂക്ക് തലത്തിൽ നടത്തുന്ന അദാലത്തുകളിലൂടെ പരാതികൾക്ക് പരിഹാരം കാണുന്നത് പൊതുജനങ്ങൾക്ക് ആശ്വാസം പകരുന്നതാണെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് പി.തോമസ് പറഞ്ഞു. അടൂർ റവന്യൂ ടവറിൽ നടന്ന റവന്യൂ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമാണ് പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ അദാലത്തുകൾ നടത്തുന്നത്. അദാലത്തുകൾ വഴി നിരവധി പരാതികൾ സമയബന്ധിതമായി തീർപ്പാക്കാൻ സാധിച്ചുവെന്നും എ.ഡി.എം പറഞ്ഞു.
മുൻകൂർ അപേക്ഷ ലഭിച്ച 37 പരാതികളും അദാലത്ത് ദിവസം എത്തിയ 15 പരാതികളും ഉൾപ്പെടെ 52 പരാതികളാണ് റവന്യൂ അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 19 പരാതികൾ തീർപ്പാക്കി. ബാക്കിയുള്ള പരാതികൾ തുടർ നടപടികൾക്കായി വിവിധ വകുപ്പുകൾക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട പരാതികൾ, ഭൂമി തർക്കങ്ങൾ,റേഷൻ കാർഡ് പരാതികൾ എന്നിവ ഒഴികെയുള്ള പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. അദാലത്തിൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും വീട് ലഭിക്കുന്നതിനുള്ള അപേക്ഷകളാണ്.
അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ പി.ടി എബ്രഹാം, തഹസിൽദാർ ബീനാ എസ്. ഹനീഫ, അഡീഷണൽ തഹസിൽദാർ കെ.സതിയമ്മ, ഡെപ്യൂട്ടി തഹസിൽദാർജോൺ സാം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.


വൈകല്യങ്ങളെ മറികടന്ന് ജെർലിൻ എത്തി
പത്തനംതിട്ട : അടൂർ താലൂക്ക് റവന്യൂ അദാലത്തിൽ സ്വന്തമായി വീട് ലഭിക്കാൻ അപേക്ഷയുമായി പത്തൊൻപതു വയസുകാരി ജെർലിൻ മാത്യു അമ്മയോടൊപ്പം എത്തി. മാസം തികയാതെ ജനിച്ചതിനാൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപെട്ട ജെർലിൻ ഏഴംകുളംചേലയോട് കിളിക്കോടുതോട്ടത്തിൽ വീട്ടിൽഷേർളി മാത്യുവിന്റെയും എം. മാത്യുവിന്റെയും മകളാണ്. ചോർന്നൊലിക്കാത്ത വീട്ടിൽ സ്വസ്ഥമായിരുന്നു പഠിക്കാൻ കഴിയണമെന്ന ആഗ്രഹം മാത്രമാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ജെർലിന് ഉള്ളത്. ജെർലിന്റെ പരാതിയിൽ ഗ്രാമപഞ്ചായത്തുമായി ചേർന്ന്‌ വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് അദാലത്തിൽ ഉറപ്പ് ലഭിക്കുകയും ചെയ്തു.