തിരുവല്ല: ദിവസേന നൂറുകണക്കിന് യാത്രക്കാരും ജില്ലയെമ്പാടുമുള്ള ഒട്ടേറെ ബസുകളും വന്നുപോകുന്ന നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡ് വർഷങ്ങളായി വികസനം കാത്തിരിക്കുകയാണ്.പതിറ്റാണ്ടുകളായി യാതൊരു വികസന പ്രവർത്തനവും നടക്കാത്തതിനാൽ ഇവിടെ എത്തുന്നവരുടെ കാര്യം ദുരിതത്തിലാണ്.നഗരത്തിലെ റോഡുകളും കെട്ടിടങ്ങളുമൊക്കെ വികസിച്ചെങ്കിലും ഇപ്പോഴും ഇടുങ്ങിയ കുറെ സ്ഥലത്താണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്.യാത്രക്കാർക്ക് മാന്യമായി ഉപയോഗിക്കാവുന്ന ശുചിമുറികളോ ഒന്നും തന്നെ ഇവിടെയില്ല.ബസ് സ്റ്റാന്റിലേക്കുള്ള റോഡ് തകർന്നു തരിപ്പണമായി.യാത്രക്കാരുമായി വരുന്ന ബസുകൾ അകത്തേക്കു കയറാനായി ഡ്രൈവർമാർ കഠിനപ്രയത്‌നം നടത്തണം. പ്രവേശന കവാടത്തിലെ കുഴികൾ അപകടത്തിനും കാരണമാകുന്നു.വാഹനങ്ങൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോൾ കുഴികളിൽ ചക്രങ്ങൾ ഇറങ്ങി വാഹനങ്ങൽ ആടിയുലഞ്ഞ് യാത്രക്കാർ വാഹനത്തിനുള്ളിൽ തെറിച്ചുവീഴുന്ന സ്ഥിതിയാണ്.പാറകഷണങ്ങൾ ഇളകി തെറിച്ച് യാത്രക്കാരുടെ ദേഹത്തുവീഴുന്നതും പതിവാണ്.സ്ത്രീകളും പ്രായമേറിയവരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
വരുമാനമുണ്ട്, പദ്ധതിയില്ല
കഴിഞ്ഞ വർഷം തിരുവല്ല നഗരസഭയ്ക്ക് 8.16 ലക്ഷം രൂപയുടെ വരുമാനത്തിലാണ് മുൻസിപ്പൽ ബസ് സ്റ്റാൻഡ് ലേലത്തിൽ പോയത്. ഇതുകൂടാതെ ഇവിടുത്തെ കടകളിൽ നിന്നും ലഭിക്കുന്ന വാടക ഉൾപ്പെടെയുള്ള വരുമാനവും നഗരസഭയ്ക്ക് ലഭിക്കുന്നുണ്ട്.എന്നാൽ അസൗകര്യങ്ങൾ നിറഞ്ഞ സ്വകാര്യ ബസ് സ്റ്റാന്റിന്റെ നവീകരണത്തിന് പണം ചെലവാക്കാൻ യാതൊരു പദ്ധതിയും ആസൂത്രണം ചെയ്തിട്ടില്ല.
ബസ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന സ്വകാര്യ ബസ് സ്റ്റാന്റ് നവീകരിക്കാൻ അധികൃതർ ഇടപെടണം
ജോമോൻ
(യാത്രക്കാരൻ)
-8.16 ലക്ഷം രൂപയുടെ വരുമാനത്തിൽ ലേലം
-കടകളിൽ നിന്നും ലഭിക്കുന്ന വരുമാനം വേറെ
-ബസ് സ്റ്റാൻഡിനുള്ളിലെ റോഡ് തകർന്നു
-നിറയെ കുണ്ടും കുഴിയും