തിരുവല്ല: സംസ്ഥാന പൊലീസ് സേനയിലെ തോക്കുകളും തിരകളും കാണാതായ സംഭവത്തിൽ മുഖ്യപ്രതി ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. രാജ്യ സുരക്ഷയെ ഗുരതരമായി ബാധിക്കുന്ന തരത്തിൽ പൊലീസ് സേനയ്‌ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടശേഷം തിരുവല്ലയിൽ എത്തിയപ്പോൾ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇടത് വലത് കക്ഷികൾ ഇരട്ടത്താപ്പാണ് കാട്ടുന്നത്. മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ട് നടത്തുന്ന തരംതാണ രാഷ്ട്രീയ നിലപാടുകൾ ജനങ്ങൾ തിരിച്ചറിയും. പൊലീസ് സേനയിലേതടക്കമുള്ള അഴിമതി വിഷയങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് ബി.ജെ.പി നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.റാന്നി മാടമൺ ഹിന്ദുമത കൺവെൻഷനിൽ പങ്കെടുക്കാനായി കോഴിക്കോട്ടു നിന്നും പുറപ്പെട്ട കെ.സുരേന്ദ്രൻ. കോട്ടയത്ത് എത്തിയപ്പോഴാണ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞത്.ഇതേതുടർന്ന് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ കെ.സുരേന്ദ്രനെ ബി.ജെ.പി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാരാർപ്പണം നടത്തി സ്വീകരിച്ചു.