തിരുവല്ല: ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്ത കെ.സുരേന്ദ്രനെ കേന്ദ്രമന്ത്രി വി.മുരളീധരൻ നേരിട്ടെത്തി അഭിനന്ദിച്ചു.അടൂർ കലഞ്ഞൂരിലെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് കെ.സുരേന്ദ്രൻ തിരുവല്ലയിലുണ്ടെന്ന വിവരം കേന്ദ്രമന്ത്രി അറിഞ്ഞത്. ഉടൻതന്നെ ഫോണിൽ വിളിച്ച് എവിടെയുണ്ടെന്ന് അന്വേഷിച്ച ശേഷം തിരുവല്ലയിൽ നേരിട്ടെത്തി അഭിനന്ദിക്കുകയായിരുന്നു.ശബരിമല ആചാര സംരക്ഷണ സമരത്തിലുൾപ്പടെ സംസ്ഥാനത്തെ ജനകീയ വിഷയങ്ങളിലെ സമരനായകനായ കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റാകണമെന്ന സംസ്ഥാനത്തെ ബി.ജെ.പി സംഘപരിവാർ പ്രവർത്തകരുടെ ആഗ്രഹമാണ് ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനത്തിലൂടെ പുറത്തുവന്നതെന്നും വി.മുരളീധരൻ പറഞ്ഞു.സംസ്ഥാന രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന അന്ത:ചിദ്രങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ബി.ജെ.പിയെ ബഹുദൂരം മുന്നോട്ട് പോകാൻ കെ.സുരേന്ദ്രന് കഴിയട്ടെയെന്നും വി മുരളീധരൻ ആശംസിച്ചു.