1
മൃദുല

കടമ്പനാട് : ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയെ പരിചരിച്ച നഴ്സ് മൃദുലയ്ക്ക് നാ‌ടിന്റെ സ്നേഹാദരവ്. മുണ്ടപള്ളി മുളമുക്ക് ശ്രീമംഗലം വീട്ടിൽ സുരേന്ദ്രൻ നായരുടെയും ബിന്ദു എസ്.നായരുടെയും മകളാണ് മൃദുല. വീട്ടിൽ ഇന്നലെ തിരിച്ചെത്തിയ യുവതിയെ കാണാനും അഭിനന്ദിക്കാനും നിരവധി പേർ എത്തി. കൊറോണ രോഗിയെ അവസാന ആറ് ദിവസം പരിചരിക്കാനാണ് നിയോഗമുണ്ടായത്. ഒരുദിവസം നാല് മണിക്കൂർ ആയിരുന്നു ഡ്യൂട്ടി.

ഡ്യൂട്ടി സംബന്ധിച്ച നിർദ്ദേശം വന്നപ്പോൾ ആദ്യം ഒന്നമ്പരന്നു. വീട്ടിലേക്ക് വിളിച്ചപ്പോൾ വീട്ടുകാർക്കും പേടി. നിപ്പയും സിസ്റ്റർ ലിനിയുമൊക്കെ മനസിൽ ഒാ‌ടിയെത്തി. എങ്കിലും കർത്തവ്യബോധം മറ്റുള്ളവർക്കൊപ്പം ധൈര്യമായി ഡ്യൂട്ടിചെയ്യാൻ പ്രേരണയായി. മൃദുല ജോലിയിൽ പ്രവേശിച്ചിട്ട് അഞ്ച് മാസമേ ആകുന്നുള്ളു. ലോകത്തെ ഭീതിയിലാക്കിയ രോഗത്തെ ചങ്കുറപ്പോടെ നേരിട്ട് പരാജയപ്പെടുത്താൻ ഭാഗമായതിൽ വളരെയധികം അഭിമാനം തോന്നുവെന്ന് മൃദുല പറഞ്ഞു.

സുരക്ഷാകവചവും മാസ്കും ഒന്നിലധികം ഗ്ലൗസുകളും പ്രത്യേകം കണ്ണടയും ധരിച്ചാണ് ഡ്യൂട്ടി ചെയ്തിരുന്നത്.

പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് എ.പി സന്തോഷ് , പഞ്ചായത്തംഗങ്ങളായ ജോളി, എ.‌ടി.രാധാകൃഷ്ണൻ, ജില്ലാപഞ്ചായത്തംഗം ടി.മുരേശ് , ഡി.വൈ.എഫ് .ഐ അടൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ എന്നിവർ വീട്ടിലെത്തി അനുമോദിച്ചു.