തണ്ണിത്തോട്: ദേശാടന പക്ഷികളായ ചേരക്കൊക്കുകൾ (ഏഷ്യൻ ഓപ്പൺ ബിൽ സ്റ്റോക്ക്) മുണ്ടോമൂഴിയിലെത്തി. വനത്തിലെ വലിയ മരച്ചില്ലകളിലാണ് ഇവ കൂടുകെട്ടിയിരിക്കുന്നത്. കല്ലാറിന്റെ തീരങ്ങളിലും കാണാം. എല്ലാ വർഷവും വേനൽക്കാലമാകുമ്പോൾ എത്താറുള്ള ഇവ അടവി ഇക്കോ ടൂറിസം പദ്ധതിയിലെത്തുന്ന സഞ്ചാരികൾക്ക് കൗതുക കാഴ്ചയാണ്. കൊറ്റിവർഗത്തിൽപ്പെട്ട ഇവയ്ക്ക് കഴുകനെക്കാൾ അൽപ്പം ചെറിയതും നീണ്ട കാലുകളുമാണ്. കൊക്കുകൾക്കിടയിൽ വിടവുണ്ട്.പക്ഷിക്കുഞ്ഞുങ്ങൾക്ക് കൊക്കിൽ വിടവുണ്ടാകില്ല. ഇവയെ കൂട്ടമായി മാത്രമേ കാണാൻ കഴിയു. ശരീരത്തിന് വെള്ളനിറവും കാലുകൾക്കും, ചിറകുകൾക്കും ചാരനിറവുമാണ്. കുഞ്ഞുങ്ങൾക്ക് തവിട്ടു കലർന്ന ചാരനിറവുമാണ് . ഉൾനാടൻ ജലാശയങ്ങളിലും, പാടശേഖരങ്ങളിലും, ചതുപ്പ് സ്ഥലങ്ങളിലുമാണ് കൂട് വയ്ക്കുന്നത്.
കല്ലാറ്റിലെ നീരൊഴുക്ക് കുറഞ്ഞ ഭാഗങ്ങളിലെ തവള, കക്ക, ചെറുപാമ്പുകൾ, മറ്റ് ചെറുജലജീവികൾ എന്നിവയാണ് ആഹാരം. ആളനക്കം കേട്ടാൽ പറന്നുയരും. 68 സെന്റീ മീറ്റർ ഉയരവും 81 സെന്റീമീറ്ററോളം നീളവുമുള്ള ഇവ അനുയോജ്യമായ കാലാവസ്ഥയ്ക്കും ഭക്ഷണത്തിനുമായി ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കും. തായ്‌ലെന്റ്, ശ്രീലങ്ക, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലുമാണ്കൂടുതലായി കാണപ്പെടുന്നത്. സംസ്ഥാനത്ത് ഷൊർണ്ണൂരിലും, തിരുനാവായിലും ചേരകൊക്കുകൾ വർഷംതോറുമെത്തി കൂട് കെട്ടി പ്രജനനം നടത്താറുണ്ട്.