madamon

 മാടമൺ ശ്രീനാരായണ കൺവെൻഷന് സമാപനം

റാന്നി: എസ്.എൻ.ഡി.പി യോഗം നേതാക്കൾ രാഷ്ട്രീയ പാർട്ടികളുടെ മൈക്കാവരുതെന്നും സമുദായത്തിന് വേണ്ടി സത്യസന്ധരായി പ്രവർത്തിക്കണമെന്നും ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു. മാടമൺ ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വകാര്യ താൽപ്പര്യം സംരക്ഷിക്കാൻ സമുദായത്തെ ഉപയോഗിച്ചാൽ നാശമായിരിക്കും ഫലം. ഗുരുദേവ ദർശനങ്ങളുടെ പ്രചാരകരാകണം സമുദായ നേതാക്കൾ. പാർലമെന്റിൽ രാഷ്ട്രപതി ഗുരുദർശനം ഉച്ചരിച്ചതോടെ വടക്കേ ഇന്ത്യാക്കാർക്കും ശ്രീനാരായണഗുരു ആരാണെന്ന് മനസിലായി. ഇപ്പോഴത്തെ സർക്കാരിന്റെ നയപ്രഖ്യാപനത്തിലാണ് ഗുരുദേവനെപ്പറ്റി പറഞ്ഞത്. ഇന്ത്യയുടെയും ലോകത്തിന്റെയും സമാധാനത്തിനും വളർച്ചയ്ക്കും ഗുരുസന്ദേശം അനിവാര്യമാണെന്ന് ബി.ജെ.പിക്ക് ഇപ്പോഴാണ് മനസിലായത്.ചാതുർവർണ്യം തിരിച്ചുകൊണ്ടുവരാനുളള ശ്രമങ്ങൾക്കെതിരെ നവോത്ഥാന പ്രസ്ഥാനം ശക്തിപ്പെടുത്തേണ്ട ബാദ്ധ്യത ശ്രീനാരായണീയർക്കുണ്ട്.

അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കാൻ എണ്ണായിരത്തോളം കോടി ചെലവാക്കുമ്പോൾ ഒരു സമുദായത്തിന് മാത്രമാണ് പ്രയോജനം ലഭിച്ചത്. ആർ.ശങ്കറിനു ശേഷം 55 വർഷത്തിനുളളിൽ എസ്.എൻ.ഡി.പി യോഗത്തിന് മൂന്ന് കോളേജുകളാണ് ലഭിച്ചിട്ടുളളത്. എല്ലാവർക്കും വിളമ്പിയ ശേഷം നമുക്ക് തരാൻ പാത്രത്തിൽ ഒന്നുമില്ലാതായി- വെളളാപ്പളളി പറഞ്ഞു.

സമാപന സമ്മേളനം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജു ഏബ്രഹാം എം.എൽ.എ, റാന്നി യൂണിയൻ ചെയർമാൻ പി. ആർ. അജയകുമാർ, പത്തനംതിട്ട യൂണിയൻ ചെയർമാൻ കെ.പത്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസി.സെക്രട്ടറി ടി.പി.സുന്ദരേശൻ, ശ്രീനാരായണ കൺവെൻഷൻ ജനറൽ കൺവീനർ എം.എസ്.ബിജുകുമാർ, കൺവീനർ പി.എൻ.മധുസൂദനൻ, റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം വി.ജി.കിഷോർ,എരുമേലി യൂണിയൻ സെക്രട്ടറി ബി.ഷാജി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന സജി, അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബി.സുരേഷ്, പെരുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്.മോഹനൻ എന്നിവർ സംസാരിച്ചു.