അടൂർ: കിസാൻ സഭ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഏറത്ത് അന്തിച്ചിറയിൽ വാശിയേറിയ കിളമത്സരം നടന്നു. കർഷക തൊഴിലാളികളും കർഷകരും യുവാക്കളും കൂന്താലിയും തൂമ്പയുമായി നിലത്തിലിറങ്ങി കിളച്ച് മുന്നേറിയപ്പോൾ വയലിന്റെ കരകളിൽനിന്ന കാണികൾ കൈയ്യടിച്ചും ആർപ്പുവിളിച്ചും മത്സരത്തിന് ആവേശം പകർന്നു. 8 ടീമാണ് മത്സരത്തിൽ പങ്കെടുത്തത്. നേരത്തെ ഏത്തവാഴ കൃഷിയിറക്കിയ ഭൂമി നിശ്ചിത അളവിൽ തിരിച്ചാണ് കിളയ്ക്കുന്നതിനായി നൽകിയത്. മത്സരം കാണാൻ എത്തിയവർക്ക് നൽകാൻ സംഘാടകർ ചുക്കുകാപ്പിയും പുഴുക്കും തയ്യാറാക്കിയിരുന്നു. കിസാൻ സഭാ സംസ്ഥാന വൈസ് പ്രസിഡന്റ് ഏ.പി.ജയൻ കിളച്ച് ഉദ്ഘാടനം ചെയ്തപ്പോൾ സംഘാടകർക്കും കാണികൾക്കും ആവേശമായി. കിസാൻ സഭാ മണ്ഡലം പ്രസിഡന്റ് രാജേഷ് മണക്കാല അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി രാജേഷ് അമ്പാടി, കിസാൻ സഭ ജില്ലാപ്രസിഡന്റ് ആർ .രാജേന്ദ്രൻ പിള്ള, സി.പി.ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.മുരുകേഷ് അരുൺ കെ എസ് .മണ്ണടി, ഗ്രാമ പഞ്ചായത്തംഗം ബാബു ചന്ദ്രൻ,കെ.പത്മിനിയമ്മ, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം. കവിരാജ് , ടി.ആർ ബിജു, ഷാജി തോമസ് അഡ്വ.എസ്.അച്ചുതൻ ,സജി കൊക്കാട്ട്,. ഷാജി അന്തിച്ചിറ അമൃതരാജ്, അനിൽ മണക്കാല തുടങ്ങിയവർ പങ്കെടുത്തു. കിളമത്സരത്തിൽ ഭാസ്കരൻ പൂക്കോട്ട്, മനുവേൽ ചരുവിള എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.