പന്തളം:കുരമ്പാല പുത്തൻകാവിൽ അമ്മയുടെ എഴുന്നെള്ളത്തിനോടനുബന്ധിച്ച് ഭക്തർ അമ്മയെ പ്രീതിപ്പെടുത്തുന്നതിനായി നടത്തുന്നതും അമ്മയുടെ ഇഷ്ട വഴിപാടുമാണ് അൻപൊലി മഹോത്സവം.ഇത് ഓരോ കുരമ്പാലക്കാരുടെയും ജീവിതത്തിന്റെ താളം കൂടിയാണ്. മറ്റ് ക്ഷേത്രങ്ങളിലെന്ന പോലെ കുരമ്പാലയിലും പറയ്‌ക്കെഴുന്നെള്ളത്തുമായി ബന്ധപ്പെട്ട് ചില പ്രത്യേക ചടങ്ങുകളോടുകൂടിയ എതിരേല്പുത്സവമാണ് അൻപൊലി.ക്ഷേത്രത്തിനടുത്ത് ഒരു നിശ്ചിത സ്ഥാനത്ത് നിർമ്മിച്ചിട്ടുള്ള അലംകൃതമായ പന്തലിലേക്ക് ജീവത എന്നു പറയപ്പെടുന്ന ദേവിയുടെ കോലം അല്ലെങ്കിൽ ചട്ടം നീണ്ട തണ്ടുകളിൽ ഘടിപ്പിച്ച് രണ്ടു പൂജാരികൾ ചുമലിലേറ്റി വാദ്യഘോഷസമന്വിതം കൊണ്ടുപോകുക എന്നതാണ് ഇതിലെ മുഖ്യമായ ചടങ്ങ്.
ജീവത തുള്ളലിൽ പാരമ്പര്യ പരിശീലനം നേടിയവർ
മേളത്തിന്റെ താളവട്ടം മുറുകുന്നതനുസരിച്ച് വിഗ്രഹവാഹകർ താളം ചവിട്ടുകയും തുള്ളി ഉറയുകയും ചെയ്യാറുണ്ട്. ഈ ജീവത തുള്ളലിൽ പാരമ്പര്യമായി പ്രത്യേകപരിശീലനം നേടിയ പൂജാരികളാണ് പങ്കെടുക്കുക. ഇതിന്റെ പ്രധാനമേളം ഉരുട്ടുചെണ്ടയും,വീക്കൽ ചെണ്ടയും, കൈമണിയും കൊമ്പും കുറുംകുഴലുമാണ്. എതിരേൽപ്പിന് പോകുന്നവർ താലപ്പൊലിയും മുത്തുക്കുടകളുമായി ദേവിയെ സ്വീകരിച്ച് അൻപൊലിത്തറയിൽ എത്തിക്കും. ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് (പാലപ്പള്ളിൽ വല്യച്ഛൻ),ഉടവാളും ചിലമ്പുമായി ദേവിക്ക് അകമ്പടി സേവിക്കുന്ന പുത്തേത്ത് കുടുംബത്തിലെ മുതിർന്ന കാരണവരെയും കുത്തു വിളക്കിനെയും കൊടിയേയും അൻപൊലി പന്തലിലേക്ക് സ്വീകരിച്ചാനയിക്കും.ദേവി തുള്ളി ഉറഞ്ഞെത്തുമ്പോൾ അന്തരീക്ഷം വായ്ക്കുരവകളാലും ദേവീ സ്തുതികളാലും മുഖരിതമാകും.അൻപൊലിത്തറയിൽ എത്തിപറ സ്വീകരിച്ച് സംപ്രീതയായ ദേവി ഭക്തരെ അനുഗ്രഹിക്കും.അൻപൊലി കുരമ്പാലക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു.16 ദിവസം നീളുന്ന എഴുന്നെളളത്തിന് ഇടയിൽ പത്തോളം അൻപൊലിവരെ നടക്കാറുണ്ട്. കഴിഞ്ഞ 2നാണ് എഴുന്നെള്ളത്ത് ആരംഭിച്ചത്.
16 ദിവസം നീണ്ടുനിൽക്കുന്ന എഴുന്നെള്ളത്ത്
10 അൻപൊലികൾ