പത്തനംതിട്ട : പുല്ലാട് മല്ലപ്പള്ളി റോഡിൽ പൊടി ശല്യം രൂക്ഷമായി. വഴിയിൽ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. റോഡ് പണി ആരംഭിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോൾ കലുങ്ക് നിർമ്മാണം നടക്കുകയാണ്. അതിന് ശേഷം മാത്രമേ റോഡ് പണി ആരംഭിക്കു. മത്സരയോട്ടവും പതിവായ ഈ റൂട്ടിൽ പൊടികൊണ്ട് വഴി നടക്കാൻ വയ്യാത്ത സ്ഥിതിയാണ്. ബസ് കണ്ടക്ടറും ഡ്രൈവർമാരും മാസ്ക് ധരിച്ചാണ് വാഹനം ഓടിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും റോഡ് നനയ്ക്കാനുള്ള ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കോട്ടയം-കോഴഞ്ചേരി ചെയിൽ സർവീസ് നടത്തുന്ന റൂട്ടാണിത്.നിരന്തരം വാഹനങ്ങൾ കടന്നു പോകുന്ന സ്ഥലത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാൻ അധികൃതർ തയാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.ഇരുചക്ര വാഹന യാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്.മുമ്പിലുള്ള വാഹനങ്ങളെ പോലും കാണാൻ സാധിക്കില്ല.ടിപ്പറുകളുടെ സ്ഥിരം സഞ്ചാരപാതകൂടിയാണിത്.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പ്രദേശത്തുണ്ട്.ചെറിയ കുട്ടികൾ അടക്കം നിരവധി പേർ ദിവസേന സഞ്ചരിക്കുന്ന റോ‌ഡുകൂടിയാണിത്.രോഗങ്ങൾ പടരാൻ സാദ്ധ്യത ഏറെയാണ്.

വീടിനുള്ളിലേക്കും പൊടിപടലങ്ങൾ

നിരവധി കോളനികൾ ഉള്ളതിനാൽ ജനവാസം കൂടുതലുള്ള മേഖല കൂടിയാണിത്.റോഡ് വശത്തുള്ള വീടുകളുടെ മതിലുകൾ കടന്ന് സ്വീകരണ മുറിയിൽ വരെ ഈ പൊടിപടലങ്ങൾ പറക്കാറുണ്ട്.വാതിലുകളും ജനലുകളും ഇവിടെയുള്ളവർ തുറക്കാറില്ല. റോഡ് വശത്തുള്ള കടകളിൽ ടാർപ്പോളിൻ കൊണ്ട് മറച്ചിരിക്കുകയാണ്.

"റോഡ് നിറയെ കുഴിയാണ്. മണ്ണും ചരലും നിറഞ്ഞിരിക്കുകയാണ് റോഡിൽ മുഴുവനും അധികാരികൾ ആരും തിരിഞ്ഞ് നോക്കാറില്ല. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമായതിനാൽ വെറുതേ വെള്ളം ഒഴിക്കാനും ആരും തയാറാവില്ല. വിലകൊടുത്ത് വെള്ളം വാങ്ങുന്നവരാണ് അധികവും. അപകടങ്ങളും ഇവിടെ പതിവാണ്. "

അനൂപ് കുമാർ എസ്.

(അദ്ധ്യാപകൻ, പ്രദേശവാസി)

"നിലവിൽ റോഡുകളിലെ സംരക്ഷണ ഭിത്തിയുടെ പണി നടക്കുകയാണ്. കലുങ്ക് നിർമ്മാണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തികരിക്കും"

(ദേശീയ പാത കൊല്ലം
അധികൃതർ)