റാന്നി: എസ്.എൻ.ഡി.പിയോഗം റാന്നി യൂണിയന്റെയും ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടന്ന മാടമൺ ശ്രീനാരായണ രജത ജൂബിലി കൺവെൻഷൻ സമാപിച്ചു. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് പമ്പാ മണപ്പുറത്ത് ചെറിയൊരു ഓല ഷെഡിൽ ആരംഭിച്ച കൺവെൻഷനാണ് ഇന്ന് ആയിരങ്ങൾ നിറഞ്ഞ കവിഞ്ഞ സദസായി മാറിയത്. ഈ കാലയളവിൽ സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹായത്താൽ കൺവെൻഷൻ നഗറിൽ മെച്ചപ്പെട്ട സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാടമൺ പമ്പാതീരം പ്രത്യേകം കെട്ടിത്തിരിച്ച് സ്റ്റേജ് നിർമ്മിച്ചു. മാടമൺ കരയിൽ നിന്ന് കൺവെൻഷൻ നഗരിയിലേക്ക് ഇപ്പോൾ പമ്പാനദിയിൽ നിർമ്മിക്കുന്ന താൽക്കാലിക പാലത്തിലൂടെയാണ് ജനങ്ങൾ എത്തുന്നത്. അതിനു പരിഹാരമായി ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ ഇടം പിടിച്ച മാടമൺ പാലം കൺവെൻഷനും പ്രയോജനകരമായി മാറും.
എട്ടു ദിവസങ്ങളിലായി നടന്ന കൺവെൻഷനിൽ സന്യാസി ശ്രേഷ്ഠർ , മന്ത്രിമാർ, ,യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ,അരയക്കണ്ടി സന്തോഷ് ഉൾപ്പെടെ യോഗം നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. റാന്നി യൂണിയൻ പരിധിയിലെ വിവിധ ശാഖകളിൽ നിന്ന് പതിനായിരക്കണക്കിന് ശ്രീനാരായണീയരാണ് കൺവെൻഷനിൽ എത്തിച്ചേർന്നത്. സംഘാടനമികവുകൊണ്ടും കൺവെൻഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടു.