അടൂർ:പള്ളിയുടെ കുരിശടി തകർത്ത കേസിൽ സമീപവാസി അറസ്റ്റിൽ. ഏഴംകുളം പട്ടാഴിമുക്ക് പടിപ്പുര വീട്ടിൽ ബേബി ജോണിനെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ഏഴംകുളം പട്ടാഴി മുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ മുന്നിൽ സ്ഥാപിച്ച കുരിശടിയാണ് ശനിയാഴ്ച രാത്രി 10.30ന് തകർത്തത്. കുരിശടിക്കുള്ളിൽ സ്ഥാപിച്ചിരുന്ന പരുമല തിരുമേനിയുടെയും മാതാവിന്റെയും ഗീവർഗീസ് സഹദായുടെയും ഫോട്ടോയുടെ ഗ്ളാസുകളാണ് തകർത്തത്. തുടർന്ന് പള്ളിക്ക് നേരെയും കല്ലെറിഞ്ഞു. നേരത്തെ പ്രധാന വാതിൽ തുറക്കാതിരിക്കാൻ താക്കോൽദ്വാരത്തിൽ ആണി അടിച്ചുകയറ്റിയിരുന്നു. ശനിയാഴ്ച വൈകിട്ട് സന്ധ്യാനമസ്ക്കാരത്തിന് എത്തിയപ്പോഴാണ് ആണിയടിച്ചത് കണ്ടത്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് രാത്രിയിൽ കുരിശടിയിലെ ഫോട്ടോകൾ തകർത്തത്. ഇയാൾ പള്ളിയിൽ വരുന്നവരെ കല്ലെറിഞ്ഞ് ആക്രമിക്കുന്നതും പതിവാണെന്ന് പരാതി ഇടവകാംഗങ്ങൾക്കുണ്ട്.