കോഴഞ്ചേരി: പമ്പയുടെ വിശ്വാസ തീരത്ത് എട്ടുനാൾ നീണ്ട മാരാമൺ കൺവെൻഷൻ സമാപിച്ചു. സ്തുതിപ്പിൻ, സ്തുതിപ്പിൻ, യേശു ദേവാ........ എന്ന പ്രാർത്ഥനാ ഗീതം വിശ്വാസികൾ കൺവെൻഷൻ പന്തലിലിരുന്ന് ഒരേ മനസ്സോടെ ചൊല്ലി. വചന പ്രഘോഷണളും ആത്മീയത സന്ദേശങ്ങളും നിറഞ്ഞ നിർമല മനസുമായി വിശ്വാസികൾ മടങ്ങി. 125ാമത് മാരാമൺ കൺവെൻഷനാണ് സമാപനമായത്.
മോഹന വാഗ്ദാനങ്ങൾകൊണ്ട് സഭാ വിശ്വാസികളുടെ അടുക്കലേക്ക് വരുന്ന സ്‌നേഹിതരെ തിരിച്ചറിയണമെന്നും സൂക്ഷ്മമായ നിരീക്ഷണത്തിന് ശേഷമേ വാഗ്ദാനങ്ങൾ സ്വീകരിക്കാവൂ എന്നും ജോസഫ് മാർ മാർത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു. മാരാമൺ കൺവൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വേദനിക്കുന്ന അവസരങ്ങളിൽ സഹായിക്കുന്നവരെ പൂർണ്ണമായും വിശ്വസിക്കണം. മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴയ നാടൻ പ്രയോഗം മറന്നു ജീവിക്കരുത്.
പ്രലോഭനങ്ങൾക്ക് വശംവദരായി ദൈവത്തെ ജീവിതത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റരുത്. ദൈവത്തിന്റെ കരങ്ങൾ തനിക്ക് രക്ഷയ്ക്കായി എപ്പോഴും ഉണ്ടാകും എന്ന ബോധ്യത്തോടെ വേണം ജീവിക്കേണ്ടത്. സാഹചര്യങ്ങളല്ല മനുഷ്യരെ സൃഷ്ടിക്കേണ്ടത്. മറിച്ച് മനുഷ്യരാണ് സാഹചര്യങ്ങളെ സൃഷ്ടിക്കേണ്ടത്. ഏത് സാഹചര്യത്തിൽ ജീവിക്കേണ്ടി വന്നാലും ദൈവത്തിന്റെ വിശ്വാസം കൂടെ ഉണ്ടാവണം. ഏത് ജാതിയിൽപ്പെട്ടവനായാലും ദൈവത്തിന്റെ സൃഷ്ടിയാണ്. അവന്റെ മുഖത്തും ക്രിസ്തുവിന്റെ മുഖം ദൃശ്യമാകണമെന്നും ജോസഫ് മെത്രാപ്പോലീത്ത പറഞ്ഞു. റവ. യുയാക്കീം മാർ കൂറിലോസ് എപ്പിസ്‌ക്കോപ്പ അദ്ധ്യക്ഷത വഹിച്ചു.
മുൻ കേന്ദ്രമന്ത്രി പി.സി.തോമസ്, രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ, എം.പിമാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ വീണാ ജോർജ്ജ്, മാത്യു ടി. തോമസ്, മുൻ എം.എൽ.എമാരായ ജോസഫ് എം. പുതുശ്ശേരി, എം.മുരളി, മാലേത്ത് സരളാദേവി, കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, മെമ്പർ ബിജിലി പി. ഈശോ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. സനൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.